• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വമേധാവിത്തത്തിന് കേരളീയസമൂഹവും കീഴ്പ്പെടുകയാണോ?' ആദിവാസി യുവാവിന്റെ മരണത്തിൽ പുകസയുടെ ആശങ്ക

'രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വമേധാവിത്തത്തിന് കേരളീയസമൂഹവും കീഴ്പ്പെടുകയാണോ?' ആദിവാസി യുവാവിന്റെ മരണത്തിൽ പുകസയുടെ ആശങ്ക

നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുക്കണമെന്ന് മുഴുവൻ സാംസ്കാരിക പ്രവർത്തകരോടും അഭ്യര്‍ത്ഥിക്കുന്നതായി  പുകസ സംസ്ഥാന പ്രസിഡന്‍റ് ഷാജി എൻ കരുൺ,  ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവര്‍ പറഞ്ഞു

  • Share this:

    ആദിവാസി യുവാവ് വിശ്വനാഥൻ്റെ അസ്വാഭാവിക മരണം:
    രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വമേധാവിത്തത്തിന് കേരളീയസമൂഹവും കീഴ്പ്പെടുകയാണോ?

    പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

    ഭാര്യയുടെ പ്രസവത്തിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ കല്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണം ഉൽബുദ്ധമെന്ന് കരുതുന്ന കേരളീയ സമൂഹത്തിന് അപമാനകരമാണ്. തൂങ്ങിമരിച്ച നിലയിലാണ് വിശ്വനാഥനെ കണ്ടത്. അദ്ദേഹം ആത്മഹത്യ ചെയ്യുകയില്ല എന്നും സംശയാസ്പദമായ മരണമാണെന്നും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ഗൗരവത്തോടെയുള്ള അന്വഷണം നടത്തണമെന്ന് അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

    ഭാര്യക്കൊപ്പമെത്തിയ വിശ്വനാഥനെ മെഡിക്കൽ കോളേജിലെ ആൾക്കൂട്ടം കള്ളൻ എന്നു മുദ്രകുത്തി എന്നത് വസ്തുതയാണ്. ഇത് നമ്മുടെ സമൂഹം ചെന്നെത്തിയിരിക്കുന്ന സാംസ്കാരിക അപചയത്തെ സൂചിപ്പിക്കുന്നു. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷമാവുന്നു. മനുഷ്യൻ്റെ ജാതിയും മതവും നിറവും രൂപവും വസ്ത്രവും നോക്കി കുറ്റക്കാരെന്ന് വിധിക്കുന്ന പ്രാകൃതനീതിക്കെതിരെ നവോത്ഥാന മുന്നേറ്റം നടന്ന പ്രദേശമാണ് കേരളം. നവോത്ഥാന മൂല്യങ്ങൾക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും അതുൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനക്കുമെതിരെ രാജ്യവ്യാപകമായി ഭരണാധികാരികൾ ഉൾപ്പടെ നടത്തുന്ന പ്രചരണങ്ങൾക്ക് അൽപ്പാൽപ്പമായി കേരളീയ സമൂഹവും വശപ്പെടുകയാണോ എന്നു സംശയിക്കണം. ഒരു മത വർഗ്ഗീയ പാർടി രാജ്യത്തിന്റെ അധികാരത്തിലെത്തിയിരിക്കുന്നു എന്നതിൻ്റെ പ്രതിഫലനം രാഷ്ട്രീയ രംഗത്തു മാത്രമാവില്ല ഉണ്ടാവുക എന്ന ഇത് തെളിയിക്കുന്നു.

    ഭരണാധികാരത്തിൻ്റെ മറവിൽ പ്രചരിക്കുന്ന ബ്രാന്മണിക് ഹിന്ദുത്വ മേധാവിത്ത മൂല്യങ്ങൾക്കെതിരായ സാംസ്കാരിക പ്രതിരോധം കേരളത്തിലും നടത്തേണ്ടതുണ്ട്. നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുക്കണമെന്ന് മുഴുവൻ സാംസ്കാരിക പ്രവർത്തകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

    ഷാജി എൻ കരുൺ
    പ്രസിഡണ്ട്
    അശോകൻ ചരുവിൽ
    ജനറൽ സെക്രട്ടറി

    Published by:Arun krishna
    First published: