തൊടുപുഴയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തില്‍ പിഡബ്ല്യുഡി റോഡ് വിഭാഗം ഓവര്‍സിയര്‍ അറസ്റ്റില്‍. തൊടുപുഴ പി.ഡബ്ള്യു.ഡി ഓവര്‍സിയര്‍ സുപര്‍ണയാണ് അറസ്റ്റിലായത്. കേസില്‍ കരാറുകാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയിൽ റോഡിന് കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റത്. ഇതേ തുടർന്നാണ്
തൊടുപുഴ പൊതുമരാമത്ത് വകുപ്പ് ഗ്രേഡ് 3 ഓവര്‍സിയര്‍ സുപര്‍ണയുടെ അറസ്റ്റ് തൊടുപുഴ പോലീസ് രേഖപ്പെടുത്തിയത്. അറ്റകുറ്റ പണി നടക്കുന്ന റോഡില്‍ ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസപ്പെടുത്തിയെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ ഇവരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം കരാറുകാരന് മുവാറ്റുപുഴ മുളവൂര്‍ പുതുശേരിക്കുടിയില് നാസര്‍ പി മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ തെക്കുംഭാഗത്ത് കുരിശുപള്ളിക്ക് സമീപമായിരുന്നു അപകടം. ഇവിടെ റോഡില്‍ ടൈല്‍ പാകുന്ന ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് റോഡില്‍ കയര്‍ കെട്ടിയത്.
യാത്രക്കാര്‍ക്ക് കാണാനാവാത്ത വിധത്തില്‍ കെട്ടിയിരുന്ന കയര്‍ ഭാര്യയ്ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ തെക്കുംഭാഗം കളപ്പുരയ്ക്കല്‍ ജോണിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ജോണിയുടെ കഴുത്തിന് പരിക്കേല്‍ക്കുകയും ഇരുവരും താഴെ വീഴുകയും ചെയ്തിരുന്നു. അപകടസമയത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നു. റോഡില്‍ കയര്‍ കെട്ടിയതിന്റെ അടയാളങ്ങള്‍ ഒന്നുമുണ്ടായില്ല. ഇതേ തുടര്‍ന്ന് ജോണി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായ സുപര്‍ണയെ ജാമ്യത്തില്‍ വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.