തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്സ്റ്റോറിലും ലഭ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് PWD4U ആപ്പ്.
നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേര് പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര് ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി.ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു.
നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്കി. ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
അതേസമയം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിന്റെ ഫോണ്‍- ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി കോഴിക്കോട് നല്ലളം ഡീസല്‍ പ്ലാന്റിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
സമാനമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ റോഡരികില്‍ നിന്നും മാറ്റിയത്.
വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് സമര്‍പ്പിക്കും.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 112
പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്. ആവശ്യമായ പോലീസ് സഹായം നല്കാന് ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.