ന്യൂഡല്‍ഹി: ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്കും സർക്കാറിനും വിധി തിരിച്ചടിയായി. ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജി സെപ്റ്റംബര്‍ ഒന്നിന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ചില ക്വാറികളെയും ബാധിക്കും.
ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവ് പുറപ്പടുവിച്ചത്. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഹരിത ട്രൈബ്യൂണലിന് ഇത്തരത്തില്‍ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നായിരുന്നു ക്വാറി ഉടമകളുടെ വാദം. ഈ വാദം ഭാഗികമായി അംഗീകരിച്ച ഹൈക്കോടതി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും വിഷയം വീണ്ടും പരിഗണിക്കാന്‍ ട്രൈബ്യൂണലിനോട് നിര്‍ദേശിക്കുകയും ചെയ്തു.
നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റേ ഉത്തരവ് തിരിച്ചടിയല്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകര്‍ അറിയിച്ചു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകര്‍ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പ്രവർത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികളെ അടക്കം സുപ്രീം കോടതി നടപടി ബാധിക്കും. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ റിട്ട് ഹർജിയും നൽകി. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.
ഇപ്പോൾ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സർക്കാർ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.