വാക്കുവീഴ്ചയിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാൻ (Saji Cheriyan). പഞ്ചാബ് മോഡൽ പ്രസംഗത്തിൽ ആർ ബാലകൃഷ്ണപിള്ള കോടതി വിധിയെ തുടർന്നാണ് ഒഴിഞ്ഞതെങ്കിൽ സജി ചെറിയാന്റെ വിധി പാർട്ടി തന്നെ എഴുതി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്റെ വിധി ജനറൽ സെക്രട്ടറി തന്നെയാണ് കുറിച്ചത്. രാജിയല്ലാതെ മറ്റൊരു സാധ്യതയും ഇല്ലെന്നു തന്നെ ആയിരുന്നു ആ വാക്കുകളുടെ അർത്ഥം. ജി സുധാകരന്റെ കഠിനാധ്വാനവും തോമസ് ഐസക്കിന്റെ തന്ത്രങ്ങളും നിറഞ്ഞു നിന്ന ആലപ്പുഴയിൽ വാക്കുകൾ കൊണ്ടാണ് സജി ചെറിയാൻ സ്വന്തം ഇടം പണിതത്. വാക്കുകൾ കൊണ്ടു തന്നെ പടിയിറക്കവും.
ഭരണഘടനയെ തൊട്ടു ചെയ്ത സത്യം ലംഘിച്ചത് ഭരണഘടനയെക്കുറിച്ചുള്ള വാക്കുകളിലൂടെ തന്നെയായി. ഇതാദ്യമല്ല സജി ചെറിയാനെ വാക്കുകൾ തിരിഞ്ഞു കൊത്തുന്നത്. ദത്ത് വിവാദത്തിൽ അനുപമയ്ക്കെതിരേ നടത്തിയ പരാമർശത്തിൽ കേരളമാകെ ഉലഞ്ഞിരുന്നു. പ്രളയകാലത്തു സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി. ജനങ്ങൾ മുങ്ങിമരിക്കുകയാണെന്ന വിലാപം പ്രതിപക്ഷം ആയുധമാക്കി.
ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ എന്നും വേറിട്ട വഴിയിലായിരുന്നു സജി ചെറിയാൻ. പി കൃഷ്ണപിള്ളയുടേയും വി എസിന്റേയും ഗൗരിയമ്മയുടേയുമെല്ലാം കുട്ടനാടൻ പാരമ്പര്യം കണ്ട ആലപ്പുഴയിൽ ചെങ്ങന്നൂർ ശൈലിയും ഭാഷയുമായാണ് വളർന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി ജനശ്രദ്ധയിലേക്ക്.
ജി സുധാകരൻ അടക്കിഭരിച്ച ജില്ലയിൽ പിന്നെ പാർട്ടി സെക്രട്ടറി. സുധാകരനും തോമസ് ഐസകും ഒന്നിച്ചൊഴിഞ്ഞപ്പോൾ മന്ത്രി. കോടതിക്കെതിരെ പറഞ്ഞ ഇഎംഎസും പാലോളി മുഹമ്മദ് കുട്ടിയും നടപടി നേരിട്ടുണ്ട്. ഫെഡറൽ സംവിധാനത്തെ വിമർശിച്ച ആർ ബാലകൃഷ്ണപിള്ളയ്ക്കു രാജി വയ്ക്കേണ്ടിയും വന്നു. പക്ഷേ, ഭരണഘടന തന്നെ അസാധുവാക്കുന്ന വാക്കുകൊണ്ട് പുറത്തുപോകേണ്ടി വരുന്ന ആദ്യത്തെ മന്ത്രി ആണ് സജി ചെറിയാൻ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.