• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കണം'

'മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കണം'

  • Last Updated :
  • Share this:
    കവിതാ മോഷണ വിവാദത്തിൽ സിപിഎമ്മിനെ അനുകൂലിക്കുന്ന സാംസ്ക്കാരികപ്രവർത്തകർ രണ്ടുതട്ടിൽ. ഇപ്പോഴത്തെ വിവാദത്തിൽ പ്രതിക്കൂട്ടിലായ ദീപാ നിഷാന്തിനെ അനുകൂലിച്ച പു.ക.സ സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിലിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ മുൻ മേയർ പ്രൊഫ. ആർ. ബിന്ദു രംഗത്തെത്തി. അശോകൻ ചരുവിലിന്‍റെ നിലപാട് തികച്ചും അപമാനകരമാണെന്നും ഒരു പുരോഗമന സാംസ്കാരിക സംഘടനയുടെ സംസ്ഥാന ഭാരവാഹിയെന്ന നിലയിൽ ഉത്തരവാദിത്തബോധം വേണമെന്നുമായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രതികരണം. അശോകൻ ചരുവിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ കമന്‍റായാണ് അവർ വിമർശനവുമായി എത്തിയത്.

    കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ മോഷണം കൃതിയുടെ മഹത്വത്തെയാണ് കാണിക്കുന്നതെന്നായിരുന്നു അശോകൻ ചെരുവിൽ അഭിപ്രായപ്പെട്ടത്. ഇതിനൊപ്പം വിക്ടർ ഹ്യൂഗോയുടെ പാവങ്ങളിലെ യാങ്വാൽ യാങ്ങിനോട് ദീപാ നിശാന്തിനെ ഉപമിക്കുകയും അശോകൻ ചരുവിൽ ഉപമിക്കുകയും ചെയ്തിരുന്നു. എന്നാൽ വിശക്കുന്ന മരുമക്കളുടെയും പിഞ്ചുകുട്ടികളുടെയും വിശപ്പകറ്റാനാണ് യാങ് വാൽ യാങ് അപ്പം മോഷ്ടിച്ചതെന്ന കാര്യം ഓർമപ്പെടുത്തുകയാണ് ആർ. ബിന്ദു. പ്രശസ്തിയ്ക്കായുള്ള മഹാവിശപ്പിന്‍റെ ഭാഗമായി, കാവ്യചോരണം നടത്തിയതും യാങ്ങ്‌ വാൽ യാങ്ങിന്റെ മോഷണവും ഒരുപോലെയാണ്‌ അല്ലേയെന്ന് പരിഹാസത്തോട് അശോകൻ ചരുവിലിനോട് ചോദിക്കുകയാണ് ആർ. ബിന്ദു.

    ശ്രീചിത്രൻ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പരിഷത്ത്

    കുറ്റവും പശ്ചാത്താപവും ആണ്‌ 'പാവങ്ങൾ' എന്ന കൃതിയെ മഹത്തരമാക്കുന്നതെന്ന് ബിന്ദു ചൂണ്ടിക്കാണിക്കുന്നു. യാങ്ങ്‌ വാൽ യാങ്ങിന്റെ പശ്ചാത്താപം, യാവേറിന്റെ പശ്ചാത്താപം.., മോഷണത്തെ ന്യായീകരിക്കുകയും ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ കുറ്റം മറ്റൊരാളുടെ തലയിലേക്കിട്ട്‌ സ്ഥിരം ഇരവേഷം കെട്ടുകയും ചെയ്യുന്ന, അൽപ്പം പോലും പശ്ചാത്താപമില്ലാത്ത അഭിനവ "സമരോത്സുക"വ്യക്തിത്വങ്ങൾ ആരെല്ലാം ശ്രമിച്ചാലും വിശുദ്ധീകരിക്കപ്പെടുകയില്ല. ഇവിടെ കാവ്യകല നിൽക്കുന്നത്‌ സ്വന്തം ദളിത് ജീവിതത്തിന്റെ വിമ്മിട്ടങ്ങൾക്കിടയിൽ നിന്ന് സർഗ്ഗാവിഷ്കാരം നടത്തുന്ന കലേഷിനൊപ്പമാണ്‌. കഥാകാരാ... ആരാധന മൂത്ത്‌ കണ്ണുകാണാതായ നിങ്ങൾക്കത്‌ കാണാൻ പറ്റുന്നില്ലേയെന്നും ആർ. ബിന്ദു ചോദിക്കുന്നു.

    അത്രക്കുണ്ട്‌, അപ് വേഡ്‌ മൊബിലിറ്റിക്കായി എന്ത്‌ അധാർമ്മികതയും ചെയ്യാൻ മടിയില്ലാത്ത ഇൻസ്റ്റന്റ്‌ വിളക്കുമരങ്ങളുടെ വെള്ളിവെളിച്ചം... മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കാനുള്ള ഔചിത്യമെങ്കിലും പു ക സയുടെ നേതാക്കൾ കാണിക്കണമെന്ന് ബിന്ദു പറയുന്നു. തെറ്റിനെ വെള്ള പൂശാനുള്ള ഈ അമിതവ്യഗ്രത ആ പ്രസ്ഥാനതിനും പുരോഗമനപ്രസ്ഥാനങ്ങൾക്കാകേയും നാണക്കേടാണെന്നും അവർ പ്രതികരിച്ചു.

    'കവിതാ മോഷണക്കുറ്റവാളി'കളെ ഒഴിവാക്കുന്നതിനെതിരെ അശോകൻ ചരുവിൽ

    എന്നാൽ ബിന്ദുവിന് മറുപടിയുമായി അശോകൻ ചരുവിൽ രംഗത്തെത്തി. അത് ഇങ്ങനെയാണ്- 'ദീപ നിശാന്ത് കലേഷിന്റെ കവിത പകർത്തി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു. അത് തെറ്റ് തന്നെയാണ്. അതിന്റെ പേരിൽ അവർ വിമർശിക്കപ്പെടണം. എന്നാൽ ആ കുറ്റത്തിന്റെ വിമർശനമല്ല സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. കലേഷ് സൂചിപ്പിച്ചതു പോലെ ആൾക്കൂട്ട ആക്രമണമാണ്. ഇതിനു കാരണം കവിതാ മോഷണമാണെന്ന് എനിക്കു തോന്നുന്നില്ല. അറിഞ്ഞോ അറിയാതെയോ ദീപ ടീച്ചർ സംഘപരിവാറിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. അവർക്കു നേരെ ഭീഷണി നേരത്തേ തന്നെ ഉണ്ടായിരുന്നു. അവരടക്കം ഇരുപതു പേരുടെ ഫോട്ടോ വെച്ച് "ഇവരെ പ്രളയത്തിലേക്ക് തള്ളിയിട്ടു കൊല്ലുക " എന്ന ആഹ്വാനം ബിന്ദു കണ്ടിട്ടുണ്ടാവും എന്നു കരുതുന്നു.


    കേവലം കവിതാ മോഷണത്തിന്റെ പേരിലുള്ള സാഹിത്യ താൽപര്യമല്ല; സംഘപരിവാറിന്റെ പ്രതികാരമാണ് അവർക്കെതിരെ ഇപ്പോൾ അഴിഞ്ഞാടുന്നത്. പെട്ടെന്ന് പ്രസിദ്ധയായതിൽ അടക്കം പല മട്ടിലുള്ള മധ്യവർഗ്ഗ അസൂയകളും ഇതിനൊപ്പം ചേരുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് ദീപയെ കണ്ടു പരിചയം മാത്രമേ ഉള്ളു. അവർ ബിന്ദുവിന്റെ സഹപ്രവർത്തകയാണ്. അഭിനവ സമരോത്സുക വ്യക്തിത്വം എന്നു ബിന്ദു പറയുമ്പോൾ അവരുടെ ഇതുവരെയുള്ള ചെയ്തികൾ അത്ര ശരിയായിരുന്നില്ല കപടമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കേണ്ടത്. ഞാൻ ബിന്ദുവിനെ വിശ്വസിക്കുന്നു'- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അശോകൻ ചരുവിൽ മറുപടി അവസാനിപ്പിക്കുന്നത്. ഈ ത്രെഡിന് കീഴിൽ ശക്തമായ വാദപ്രതിവാദമാണ് നടക്കുന്നത്. ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ദീപ നിഷാന്തിനെതിരായ നിലപാട് സ്വീകരിക്കുന്നതെന്ന് ബിന്ദു ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

    ദീപ നിഷാന്തിനെ അനുകൂലിച്ചതിലൂടെ രൂക്ഷമായ വിമർശനങ്ങളാണ് അശോകൻ ചരുവിൽ ഏറ്റുവാങ്ങുന്നത്. എന്നാൽ ചിലർ അദ്ദേഹത്തെ പിന്താങ്ങുന്നുമുണ്ട്. ഇതിനിടയിലാണ് അഖിലേന്ത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ ആർ. ബിന്ദു അശോകൻ ചരുവിലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സിപിഎം പോഷകസംഘടനയുടെ ഭാരവാഹി കൂടിയായ അശോകൻ ചരുവിലിന് ഇത് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.
    First published: