ആലപ്പുഴ: സിപി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര് നാസർ തുടരും. കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന ജില്ലാസമ്മേളനത്തിലാണ് ആർ നാസറിനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് നാസറിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി ആറുപേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം മന്ത്രി സജി ചെറിയാൻ ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനസമിതി അംഗമായതിനാലാണ് സജി ചെറിയാനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം പിന്നീട് നടത്താമെന്നും ധാരണയായി.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി
2018 ജൂണ്‍ 15നു ചേര്‍ന്ന സിപിഎം ജില്ലാകമ്മിറ്റിയാണ് ആർ നാസറിനെ ആദ്യം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ നാസര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴയിലെ നേതൃനിരയിൽ പ്രമുഖനായി മാറി. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പ്രവർത്തിനത്തിനൊടുവിലാണ് അദ്ദേഹം സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായി മാറുന്നത്.
കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഐശ്വര്യയില്‍ പരേതരായ പി കെ രാഘവന് (റിട്ട. സബ് രജിസ്ട്രാര്‍), എ കെ വസുമതി ദമ്ബതികളുടെ മകനായി 1957 നവംബര്‍ 30 നാണ് ജനനം. കൊല്ലം ജില്ലയിലെ ക്ലാപ്പന എസ്.വി.എച്ച്എസിലായിരുന്നു പത്താം ക്ലാസുവരെ പഠനം. ചേര്‍ത്തല എസ്എന്‍ കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായ അദ്ദേഹം അവിടെനിന്നുതന്നെ മലയാളത്തില്‍ ബിരുദം നേടി. കേരള സര്‍വകലാശാലാ യൂണിയന് കൗണ്‍സിലറായും സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
1980 മുതല്‍ 84 വരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായി. 1986ല്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കവേ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. 1991ല്‍ കായംകുളത്തു ചേര്‍ന്ന സിപിഐ എം ജില്ലാസമ്മേളനം ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
Also Read-
Work From Home| വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി
കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്ന് ആദ്യം ജില്ലാ കൗണ്‍സിലില്‍ അംഗമായി. 2000 മുതല്‍ 2010 വരെ രണ്ടുതവണ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി. സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കയര്‍ കോര്പറേഷന് ചെയര്മാന് പദവിയും വഹിച്ചു. നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും എല്‍ഡിഎഫ് ആലപ്പുഴ ജില്ലാ കണ്‍വീനറുമാണ്. കയര്‍ഫെഡ് മുന്‍ ജീവനക്കാരി എസ് ഷീലയാണ് ഭാര്യ. മക്കള്‍: നൃപൻ റോയ്, ഐശ്വര്യ. മരുമകള്‍: സുമി.
പുതിയതായി ജില്ലാ കമ്മിറ്റിയിൽ എത്തിയവർ
ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ. കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ ഉൾപ്പെടുത്തി.
ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയവർ
ജില്ല കമ്മറ്റിയിൽ നിന്നു മൂന്നു പേരെ ഒഴിവാക്കി. ഡി ലക്ഷ്മണൻ, ബി രാജേന്ദ്രൻ, വിശ്വംഭരപണിക്കർ. ഇത് കൂടാതെ സംസ്ഥാന സമിതി അംഗം ആയതിനാൽ സജി ചെറിയാൻ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.