തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മരണങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 13 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. മെയ്, ജൂണ മാസങ്ങളിലായി പത്ത് പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രിൽ 10 വരെ മൂന്നു പേർ മരിച്ചു. ജൂൺ മാസത്തിൽ മൂന്നുപേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതിൽ ചില മരണങ്ങൾ പേവിഷബാധ വിരുദ്ധ വാക്സിൻ എടുത്ത ശേഷമാണെന്നതാണ് സ്ഥിതിഗതികൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്ത ശേഷമാണ് ശ്രീലക്ഷ്മിയുടെ മരണമെന്നത് വിവാദമായിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ പേവിഷബാധയ്ക്കെതിരെ നൽകിവരുന്ന വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് വിദഗ്ര്‍ അഭിപ്രായപ്പെടുന്നത്. വാക്സിന് സ്റ്റോറേജ്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയെക്കുറിച്ച് വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വാക്സിനെടുത്താലും പ്രതിരോധം ഉണ്ടാകാൻ ഒരാഴ്ച്ച വരെ സമയമെടുക്കും. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ എല്ലാ ആശുപത്രികളും നല്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച സമയം എടുക്കുമെന്നതിനാൽ വൈറസിനെ നിഷ്ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്. ഇവ എല്ലാ ആശുപത്രികളും നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
പേവിഷബാധയ്ക്കെതിരായ ഇഞ്ചക്ഷൻ നേരത്തെ വയറിന് ചുറ്റുമായാണ് എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുറിവിൽ ഉൾപ്പടെ നാല് ഘട്ടമായാണ് ഇപ്പോൾ ഇഞ്ചക്ഷൻ നൽകുന്നത്. കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്കി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പ് ഏറെ സൂക്ഷ്മതയോടെ എടുക്കേണ്ടതാണ്. മുറിവിലെ വൈറസുകളെ നിർവീര്യമാക്കാൻ ഈ കുത്തിവെപ്പിന് ഏറെക്കുറെ സാധിക്കും.
Also Read-
'പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ചത് മുറിവിന്റെ ആഴം കാരണം'; വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് ഡിഎംഒ
വളർത്തുമൃഗങ്ങൾ കടിക്കുന്നത് മാത്രമല്ല, അവയുടെ മാന്തൽ മൂലമുണ്ടാകുന്ന പോറൽ പോലും അപകടമുണ്ടാക്കും. അടുത്തിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ വളർത്തുമൃഗങ്ങളുടെ പോറൽ പേവിഷബാധയ്ക്ക് കാരണമായ സംഭവങ്ങളുമുണ്ട്. പേവിഷബാധയ്ക്കെതിരായ വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുന്നത് അപായസൂചനയായി കാണണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
അതേസമയം പേവിഷബാധയേറ്റ് കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ. മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാമെന്ന് ഡിഎംഒ പറഞ്ഞു. വാക്സിൻ നൽകിയതിൽ അപാകതയില്ലെന്നും അവർ വ്യക്തമാക്കി. വാക്സിന്റെ ഗുണനിലവാരത്തിലോ വാക്സിൻ എടുത്തതിലോ പോരായ്മ ഉണ്ടായിട്ടില്ല. കടിച്ച പട്ടിക്ക് വാക്സിന് നല്‍കിയിട്ടില്ല. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.
പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. അതിനുശേഷവും കോളേജിൽ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. വീട്ടിലെത്തി വെള്ളം കുടിച്ചതോടെയാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായ ശ്രീലക്ഷ്മി ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. വാക്സിൻ എടുത്തിട്ടും മരണം സംഭവിച്ചതോടെയാണ് വിശദീകരണവുമായി ഡിഎംഒ രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.