സി.പി.എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ലെന്ന് നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി. കൊലപാതക രാഷ്ട്രീയം മുഖ്യവിഷയമാക്കി സി.പി.എമ്മിനെതിരെ യു.ഡി.എഫ് പ്രചാരണം തുടരുന്നതിനിടെയാണ് രാഹുലിന്റെ നിലപാട് പ്രഖ്യാപനം. വയനാട്ടിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് സി.പി.എം എന്തു പറഞ്ഞാലും മറുപടി പറയാനില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സി.പി.എമ്മിലെ എന്റെ സഹോദരിമാരും സഹോദരന്മാരും ഇപ്പോള്‍ എനിക്ക് എതിരെയാണ് സംസാരിക്കുന്നത് എന്നറിയാം. ആ വിമര്‍ശനങ്ങളെ ഏറ്റവും ആദരവോടെ സ്വീകരിക്കുന്നു. സി.പി.എം എന്തൊക്കെ പറഞ്ഞാലും എന്റെ പ്രചാരണത്തില്‍ ഞാന്‍ സി.പി.എമ്മിന് എതിരെ ഒരു വാക്കുപോലും പറയില്ല. ഇതായിരുന്നു രാഹുലിന്റെ നിലപാട്. സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ഉന്നയിക്കുന്ന ആ ചോദ്യത്തിനും ഉത്തരം ഉണ്ടായിരുന്നു. എന്തുകൊണ്ട് മല്‍സരിക്കാന്‍ വയനാട്ടിലേക്കെത്തി?
ദക്ഷിണേന്ത്യയെ ബി.ജെ.പിയും ആർ.എസ്.എസും അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനാണ് വരുന്നത് എന്നായിരുന്നു മറുപടി. രാഹുലിനെതിരെ വ്യാപകപ്രചാരണം നടത്തുന്ന സി.പി.എമ്മിനെയും ഒരടി പിന്നോട്ട് നടത്തുന്നതാണ് നിലപാട് പ്രഖ്യാപനം. അതേസമയം, കേരളത്തില്‍ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൊലപാതക രാഷ്ട്രീയം മുഖ്യവിഷയമാക്കി സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നതായിരുന്നു രാഹുലിന്റെ നിലപാട് പ്രഖ്യാപനം. രാഹുലിന്റെ മഹത്വമാണ് തെളിഞ്ഞതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ വിശദീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.