• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi | ബഫർ സോൺ വിധിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനം പരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി എം.പി. 

Rahul Gandhi | ബഫർ സോൺ വിധിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനം പരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി എം.പി. 

കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപെട്ട് രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Share this:
ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ  കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപെട്ട് രാഹുൽ ഗാന്ധി എം.പി. കേരള  മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഈ വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ESZ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വകവെക്കുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.

പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, ഒരു കിലോമീറ്റർ കുറഞ്ഞത് ESZ നിലനിർത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ  തടസ്സപ്പെടുത്തും, അവരിൽ പലരും ഈ സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്- എന്നും രാഹുൽ ഗാന്ധി എം.പി. കത്തിൽ പറയുന്നു.

കോടതി വിധിയിൽ കുറഞ്ഞ ദൂരപരിധി എന്നതിൽ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് സെൻട്രൽ എംപവേർഡ് കമ്മറ്റിയേയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും (MoEF & CC) സമീപിക്കാം എന്നും എംപവേർഡ് കമ്മറ്റിയുടെയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ശുപാർശകൾ കോടതി പരിഗണിക്കുന്നതാണ് എന്നും പറയുന്നുണ്ട്.

ഈ ഒരു സാധ്യത പരമാവധി ഉപയോഗപ്പെടുത്തി സംസ്‌ഥാന സർക്കാർ ESZ പരിധി കുറച്ച് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും (MoEF & CC) എത്രയും വേഗം സമീപിക്കണമെന്നും പ്രശ്ന പരിഹാരത്തിനുള്ള എല്ലാ നിയമ സാധ്യതകളും തേടണമെന്നും  രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോലമാക്കാനുളള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറ‍ഞ്ഞു.

പരിസ്ഥിതിലോല ഉത്തരവ് മറികടക്കാന്‍ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുളള അവലോകന യോഗത്തിനു ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം. വനസംരക്ഷണത്തിനായി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രം പൂര്‍ണമായി ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Published by:user_57
First published: