കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം ബി.ജെ.പിക്കുള്ള സി.പി.എം പിന്തുണയാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ഇങ്ങിനെ അക്രമിക്കാന്‍ കഴിയില്ല. വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്ക് സി.പി.എം ചൂട്ടുപിടിക്കുന്നതിന്റെ ആദ്യപടിയാണിത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാതെ സി.പി.എം നടത്തുന്ന സമരാഭാസം ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും കെ. എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ല.
പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താന്‍ അവര്‍ക്ക് സാധിക്കില്ല.
ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നല്കുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്.
ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിക്കെതിരായി ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങള്‍ക്ക് സി.പി.എം ചൂട്ട് പിടിക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണണം.
കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികള്‍ നോക്കി നില്‍ക്കില്ല.
ജനപ്രതിനിധികള്‍ക്കും ഓഫിസിനും സംരക്ഷണം നല്കാന് കേരള പോലീസിന് കഴിയുന്നില്ലെങ്കില്‍ അത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വരും.
'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.