• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'നേതൃത്വം അറിയാത്ത സമരം'; തള്ളിപ്പറഞ്ഞ് SFI സംസ്ഥാന കമ്മിറ്റി

Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 'നേതൃത്വം അറിയാത്ത സമരം'; തള്ളിപ്പറഞ്ഞ് SFI സംസ്ഥാന കമ്മിറ്റി

എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു

sfi

sfi

  • Last Updated :
  • Share this:
    രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന സമരവും ആക്രമണവും അംഗീകരിക്കാനാവാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം. സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നു. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

    ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

    രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

    തിരുവനന്തപുരം: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

    സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

    വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനെതിരെ എസ്.എഫ്ഐ ആക്രമണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി സ്ഥലങ്ങളിൽ സിപിഎമ്മിന്‍റെ ഫ്ലെക്സുകളും ബാനറുകളും നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്‍ററിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. എകെജി സെന്‍ററിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു.

    വയനാട്ടിൽ ആരംഭിച്ച പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഡൽഹിയിൽ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

    പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പാലക്കാട്‌ ദേശീയ പാത ഉപരോധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

    Also Read- CM Pinarayi | രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

    രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ആലുവയിൽ യൂത്ത് കോൺഗ്രസ് KSU പ്രതിഷേധം നടന്നു. കോട്ടയത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. അതിനുശേഷം തിരുനക്കരയിൽ എം സി റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇതേ സമയം ക്ഷേത്രത്തിനു സമീപം സിപിഎം പ്രവർത്തകർ തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. സിപിഎം കോൺഗ്രസ് സംഘർഷം നടക്കുമ്പോൾ മതിയായ പൊലീസ് സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
    Published by:Anuraj GR
    First published: