• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

Rahul Gandhi's Office attack | 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

'ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്'

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

    വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.

    വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

    രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; എകെജി സെന്‍ററിലേക്ക് മാർച്ച്

    വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനെതിരെ എസ്.എഫ്ഐ ആക്രമണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിരവധി സ്ഥലങ്ങളിൽ സിപിഎമ്മിന്‍റെ ഫ്ലെക്സുകളും ബാനറുകളും നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്‍ററിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. എകെജി സെന്‍ററിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചു.

    വയനാട്ടിൽ ആരംഭിച്ച പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചു. ഡൽഹിയിൽ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

    പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പാലക്കാട്‌ ദേശീയ പാത ഉപരോധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

    Also Read- രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസില്‍ SFI അക്രമം; ജീവനക്കാരനെ മര്‍ദ്ദിച്ചു; ഫര്‍ണീച്ചറുകള്‍ അടിച്ചു തകര്‍ത്തു; പൊലീസ് ലാത്തിച്ചാർജ് നടത്തി

    രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ആലുവയിൽ യൂത്ത് കോൺഗ്രസ് KSU പ്രതിഷേധം നടന്നു. കോട്ടയത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. അതിനുശേഷം തിരുനക്കരയിൽ എം സി റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഇതേ സമയം ക്ഷേത്രത്തിനു സമീപം സിപിഎം പ്രവർത്തകർ തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. സിപിഎം കോൺഗ്രസ് സംഘർഷം നടക്കുമ്പോൾ മതിയായ പൊലീസ് സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
    Published by:Anuraj GR
    First published: