നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | മഴ മുന്നറിയിപ്പ് : പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ച് ജില്ലാ കളക്ടര്‍

  Kerala Rains | മഴ മുന്നറിയിപ്പ് : പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ച് ജില്ലാ കളക്ടര്‍

  ജില്ലയില്‍വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

  • Share this:
   പാലക്കാട്: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്(palakkad)  ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

   ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയില്‍ മലയോര അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അനുമതിയുള്ളത്.
   ജില്ലയില്‍വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

   അതേ സമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് (Kerala Rains) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് (Orange Alert). തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

   ഇന്ന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

   അതേ സമയം ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ്. പിന്നാലെ ചെറുതോണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിന് പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നു.

   സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒഴുകുക. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.അണക്കെട്ട് തുറന്നുള്ള വെള്ളം ചെറുതോണി ടൗണിലെത്തി. ചെറുതോണി പട്ടണത്തിലെ പുഴയോട് ചേര്‍ന്നുള്ള കടകള്‍ക്ക് ആവശ്യമെങ്കില്‍ ഒഴിയണമെന്ന് കാണിച്ചുള്ള നോട്ടീസ് നല്‍കി തുടങ്ങി. റവന്യൂ വകുപ്പാണ് നോട്ടീസ് നല്‍കുന്നത്.

   ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി.

   ഇടുക്കി ഡാം തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 64 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ ചെറുതോണി പാലം നിര്‍മ്മാണത്തിനായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

   ഇടുക്കി ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആശങ്കയുടെ ആവശ്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നു വിടും.

   Also Read-Kerala Rains| സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നു; ഇടുക്കി ഡാം പതിനൊന്ന് മണിക്ക് തുറക്കും

   ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
   Published by:Jayashankar AV
   First published:
   )}