നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains |ആലപ്പുഴയിൽ മഴയ്ക്ക് ശമനം; പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിലെ ജലനിരപ്പ് താഴുന്നു

  Kerala Rains |ആലപ്പുഴയിൽ മഴയ്ക്ക് ശമനം; പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിലെ ജലനിരപ്പ് താഴുന്നു

  കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാണെന്നും, ഏത് അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

  News18

  News18

  • Share this:
  ആലപ്പുഴയുടെ കിഴക്കൻ മേഖലയിലെ  കനത്തമഴയെ തുടർന്ന്  കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോട്ടപ്പള്ളി സ്പിൽവേയും, തണ്ണീർ മുക്കം ബണ്ടും പരമാവധി ശേഷിയിൽ ജലം പുറന്തള്ളുന്നതിനാൽ കുട്ടനാട്ടിൽ ആശങ്കക്കിടയില്ലെന്ന് അധികൃതർ പറയുന്നു.

  കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് കുട്ടനാട്ടിൽ ശക്തമാണെങ്കിലും നദികളിലെ ജലനിരപ്പ് ഭീഷണി ഉയർത്തുന്നില്ല. പമ്പ ,അച്ചൻകോവിൽ, മണിമല ആറുകളിലെ ജലനിരപ്പ് അപകടനിലയിലും താഴെയാണ്. ഇന്നു പുലർച്ചെയോടെ താഴ്ന്ന ജലനിരപ്പ് അതിവേഗത്തിൽ കുറയുകയാണ്. അതേസമയം  ആറുകൾ കരകവിഞ്ഞില്ലെങ്കിലും പെയ്ത്ത് വെള്ളം കുട്ടനാടിൻറെ താഴ്ന്ന പ്രദേശങ്ങളായ തലവടി, നീരേറ്റുപുറം, എടത്വ മുട്ടാർ, വീയപുരം പ്രദേശങ്ങളെ വെള്ളത്തിലാക്കി. ചക്കുളത്ത് കാവ് ക്ഷേത്രവും പരിസരവും വെള്ളക്കെട്ടിലാണ്.

  ആശങ്ക നിലനിൽക്കുന്നെങ്കിലും, കിഴക്കൻ വെള്ളത്തിൻറെ ഒഴുക്ക് വർദ്ധിക്കുന്നതും, ഡാമുകൾ തുറക്കാനുള്ള സാഹചര്യവും കണക്കിലെടുത്ത്  നദീതീരങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. മുൻകരുതലിൻ്റെ ഭാഗമായാണ് നടപടി എന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടനാട് എം എൽ എ തോമസ് കെ തോമസ് പറഞ്ഞു. ജില്ലയിലെ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 183 പേരാണ് ഉള്ളത്. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെയുള്ള കടലിലേക്കുള്ള നീരൊഴുക്കുo സുഗമമാണെന്നും, ഏത് അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥിതിഗതികൾ  വിലയിരുത്തുന്നതിനായി മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

  കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്‍റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

  കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ഇന്ന് പകല്‍ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
  എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഇന്നു തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍കരുതല്‍ സംവിധാനം സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്യും.

  തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗങ്ങളില്‍ പങ്കെടുപ്പിക്കും. തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ജനകീയ സമിതികള്‍ ചേരണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
  പെരുമാങ്കരയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാലങ്ങള്‍ക്കു താഴെ അടിഞ്ഞുകൂടിയിരിക്കുന്ന  മാലിന്യങ്ങളും തടികളും മറ്റും അടിയന്തിരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് ജലസേചന വകുപ്പിനെയും എല്ലാ മേഖലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെയും യോഗം ചുമതലപ്പെടുത്തി. മാലിന്യങ്ങള്‍ നീക്കുന്ന ജോലികള്‍ക്ക് ഇറിഗേഷന്‍ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ജലനിരിപ്പ് ഉയരുന്ന മേഖലകളില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാതിരിക്കുന്നതിന് കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തണം.

  കൈനകരി, വീയപുരം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് സുസജ്ജമായ സംവിധാനം ഉറപ്പാക്കും. കോവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് ആളുകളെ താമസിപ്പിക്കുന്നതിന് പ്രാദേശിക കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
  തീരദേശ മേഖലയിലെ എം.എല്‍.എമാര്‍ മുന്‍കൈ എടുത്ത് അടിയന്തര സാഹചര്യത്തില്‍ സന്നദ്ധ സേവനം ലഭ്യമാക്കുന്നതിന് മത്സ്യത്തൊഴിലാളികളെ സജ്ജരാക്കും. മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍, ആംബുലന്‍സുകള്‍, മരുന്നിന്‍റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിനെ  ചുമതലപ്പെടുത്തി.
  വെള്ളപ്പൊക്കത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിന്‍റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
  Published by:Sarath Mohanan
  First published:
  )}