• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | വടക്കൻ കേരളത്തിൽ മഴ തുടരുന്നു; തെക്കൻ കേരളത്തിലും ഇന്നുമുതൽ മഴ ശക്തമാകും

Kerala Rains | വടക്കൻ കേരളത്തിൽ മഴ തുടരുന്നു; തെക്കൻ കേരളത്തിലും ഇന്നുമുതൽ മഴ ശക്തമാകും

മഴ കുറവുണ്ടായിരുന്ന തെക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര മലബാർ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. മധ്യകേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. എന്നാൽ മഴ കുറവുണ്ടായിരുന്ന തെക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    വ്യാഴാഴ്ച - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.

    വെള്ളിയാഴ്ച- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

    ശനിയാഴ്ച- കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട്

    മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക

    1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

    3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

    പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

    ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

    കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Anuraj GR
    First published: