'ചങ്ങലകളെ ആഭരണമാക്കുന്ന കുടുംബ സംവിധാനങ്ങൾക്കകത്ത് എത്രയോ ഛർദ്ദികൾ പുറത്തുവരാതെ പൊത്തിപ്പിടിക്കുന്നവരുണ്ട്'

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തിയപ്പോൾ ഭർത്താവ് കഴിച്ചതിന്‍റെ ബാക്കി കഴിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രാജശ്രീ തന്‍റെ കുറിപ്പിൽ.

News18 Malayalam | news18
Updated: October 11, 2019, 2:05 PM IST
'ചങ്ങലകളെ ആഭരണമാക്കുന്ന കുടുംബ സംവിധാനങ്ങൾക്കകത്ത് എത്രയോ ഛർദ്ദികൾ പുറത്തുവരാതെ പൊത്തിപ്പിടിക്കുന്നവരുണ്ട്'
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 11, 2019, 2:05 PM IST
  • Share this:
കണ്ണൂർ: കുടുംബവ്യവസ്ഥിതിക്ക് അകത്തെ ആരും പുറത്തു പറയാൻ തയ്യാറാകാത്ത വിഷയങ്ങളെ വെളിപ്പെടുത്തി ഒരു കോളേജ് അധ്യാപിക. തലശ്ശേരി ബ്രണ്ണൻ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആയ രാജശ്രീ ആർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തിയപ്പോൾ ഭർത്താവ് കഴിച്ചതിന്‍റെ ബാക്കി കഴിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് രാജശ്രീ തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ.

രാജശ്രീ ആർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്,

'മുൻകുറിപ്പ്: ഇതൊരു കൂട്ടുകാരിയുടെ അനുഭവമാണെന്ന് എനിക്ക് നൈസായി എഴുതിവയ്ക്കാവുന്നതേ ഉള്ളൂ. പക്ഷേ അതല്ല. ഇതു വായിക്കുന്ന തൽപരകക്ഷികൾ 'എന്റെ / ഞങ്ങളുടെ നിർദ്ദോഷമായ സ്നേഹപ്രകടനങ്ങൾ നീ ഇങ്ങനെ വായിച്ചല്ലോ ' എന്ന് അമ്പരക്കുന്നത് കാണാനാവുന്നുണ്ട്. എന്നാലും സാരമില്ല. ഈ ടൈപ്പ് നീന്തൽ വെള്ളത്തിലിറങ്ങിത്തന്നെ പഠിക്കുന്നതാണ് നന്നാവുക.

രണ്ടു പെൺമക്കളുള്ള കുടുംബത്തിൽ നിന്ന് കൊല്ലം ജില്ലയിലേക്ക് സജീവ ഇടത് അനുഭാവിയായ ഒരു അദ്ധ്യാപകന്റെ ജീവിത പങ്കാളിയായി അദ്ധ്യാപികയായ ഞാൻ എത്തുന്നത് പതിനാറു വർഷം മുമ്പാണ്. (കല്പന ചൗളയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികളുമായി കൊളമ്പിയ തകർന്നിട്ട് രണ്ടു മാസവും പതിനഞ്ചു ദിവസവുമായിരുന്നു) വിവാഹപ്പിറ്റേന്ന് ഞാൻ പുതിയ അടുക്കളയിൽ കയറി. പാചകം അന്നും ഇന്നും ഇഷ്ടമാണ്, അത്യാവശ്യം നല്ലതുമാണ്. എന്താണ് പതിവെന്ന് അമ്മ പറഞ്ഞു തന്നു. പുളിശ്ശേരി, പപ്പടം, മീൻ കറി, മീൻ വറുത്തത്, തോരൻ / അവിയൽ/ തീയൽ ഇതാണ് മെനു. ഒരറ്റത്തു നിന്നു തുടങ്ങി. മറ്റേയറ്റത്തു തീർന്നു. പരിചിതമായ രുചി -ഗന്ധങ്ങളാണ്. തനിയെ ഉണ്ടാക്കിയതിനാൽ അന്യമായവയുമായി പടവെട്ടണ്ടല്ലോ എന്ന് ആശ്വസിച്ചു. (കല്യാണം കഴിഞ്ഞാൽ അങ്ങനെയാണ്, നമ്മൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ആശ്വസിച്ചു കൊണ്ടിരിക്കും.) വിളമ്പാൻ നേരമായപ്പോൾ അമ്മ നാലു വീതം കുഴികളുള്ള പരന്ന രണ്ടു പാത്രങ്ങൾ എടുത്തു തന്നു. അതിൽ വിളമ്പണം. അച്ഛനും മകനുമാണ്. അടുത്തു നിന്ന് വിളമ്പിക്കൊടുക്കണം. അമ്മയുടെ മേൽനോട്ടത്തിൽ ആ ഐറ്റം ഞാൻ വിജയകരമായി പൂർത്തീകരിച്ചു. മകന്‍റെ രുചി നിർബന്ധങ്ങളെക്കുറിച്ച് അമ്മയുടെ ഒരു ക്രാഷ് കോഴ്സ് ഉണ്ടായിരുന്നു.ഭാര്യയുടെ കൈപ്പുണ്യത്തിന് ഭർത്താവ് അഭിമാനപൂർവം പത്തിൽ ഏഴു മാർക്ക് തന്നു. അമ്മയ്ക്ക് എട്ട്. ജംഗ്ഷനിലെ സ്റ്റാർ (പേരാണ്. തെറ്റിദ്ധരിക്കരുത് ) ഹോട്ടലിന് ഒമ്പത് .സ്കൂളിൽ ഭക്ഷണം സപ്ലൈ ചെയ്യുന്ന ചേച്ചിക്ക് പത്ത്. എന്നാലും കൊള്ളാമെടീ, കൊള്ളാം എന്നു പറഞ്ഞല്ലോ.

ശരി, സന്തോഷം.
ആദ്യത്തെ ട്രിപ്പ് കഴിഞ്ഞ് അച്ഛനും മകനും എഴുന്നേറ്റു. പാത്രങ്ങൾ എടുക്കാൻ തുനിഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അമ്മ പറഞ്ഞു.
'പാത്രബാക്കി കഴിക്കണം മോളേ '.
അവർ അച്ഛന്റെ എച്ചിൽ പാത്രത്തിനു മുന്നിലിരുന്നു. എന്‍റെ മുന്നിൽ മകന്റെ എച്ചിൽ പാത്രമുണ്ട്. ഒരു മൂലയ്ക്ക് ഒരു സ്പൂൺ ചോറ് ബാക്കിയുണ്ട്. എല്ലാ കുഴികളിലും എല്ലാ കറികളുടെയും അവശിഷ്ടമുണ്ട്. മീൻകറി, അമരപ്പയർതോരൻ എന്നിവ വിശേഷിച്ച്. പരന്ന പാത്രത്തിൽ പുളിശ്ശേരിയിൽ കുതിർന്ന മഞ്ഞ വറ്റുകളുടെ പ്രതലത്തിൽ അമ്മ എനിക്ക് പുതിയ ചോറ് സ്നേഹത്തോടെ വിളമ്പിത്തന്നു. എത്രയോ കാലമായുള്ള പതിവുപോലെ മറ്റേ പാത്രത്തിലേക്ക് വിളമ്പി അവരും കഴിച്ചു തുടങ്ങി. ഏതു നിമിഷവും ഛർദ്ദിക്കുമെന്ന ഭയം എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു. അന്നു മുതൽ ഞാൻ സ്നേഹിക്കേണ്ട മനുഷ്യനാണല്ലോ എന്ന് അടുത്ത ട്രിപ്പ് ആശ്വസിച്ചു കൊണ്ട് ഞാൻ ആഹാരം കഴിക്കാൻ ശ്രമിച്ചു. കണ്ണുകൾ നിറഞ്ഞു പണ്ടാരമടങ്ങിയതു കാരണം ഒന്നും കാണാൻ വയ്യ. ഞാൻ ചോറിന്റെ ക്രീമിലെയർ മാത്രം കൈവശപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മ കഴിച്ചെഴുന്നേല്ക്കുന്നത്. അവരുടെ കയ്യിലെ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന തോരൻ കൂടി എച്ചിൽക്കൈകൊണ്ടു തന്നെ വാരി എന്റെ പാത്രത്തിലേക്കിട്ടു തന്നു.

'മോള് കഴിക്ക്.'
തൃപ്തിയായി. നിറഞ്ഞു.

(ഇപ്പോഴും മൂന്നു കാര്യങ്ങളാണ് ജീവിതത്തിൽ എനിക്ക് അനിഷ്ടമുള്ളത്. ഒന്ന് -അമരപ്പയർ തോരൻ, രണ്ട് - കുഴികളുള്ള പാത്രം, മൂന്ന് - ഹമാം സോപ്പിന്റെ മണമുള്ള വാഷ്ബേസിൻ. സത്യമായും ഛർദ്ദിക്കാൻ തോന്നും.)

പിന്നീടൊരിക്കൽ ഒരു വട്ടമേശ നടക്കുമ്പോൾ ഭർത്തൃസഹോദരി തന്‍റെ ഭർത്താവിന് ഈ ശീലം ഇഷ്ടമല്ലെന്ന് സൂചിപ്പിച്ചു. താൻ കഴിച്ച പാത്രത്തിൽ മറ്റാരും കഴിക്കാതിരിക്കാൻ അദ്ദേഹം വെള്ളമൊഴിച്ചുകളയുകയാണ് പതിവ്. 'എന്‍റെ ഭാര്യയ്ക്ക് പക്ഷേ പാത്രബാക്കി വേണം അല്യോടി?' എന്ന പ്രാണനാഥന്‍റെ സാഭിമാനമുള്ള തൽസമയ ചോദ്യത്തിന്, 'വേണ്ട, എനിക്കതിഷ്ടമില്ല' എന്നു പറയാതിരുന്നതിന് സ്നേഹമെന്നല്ല അടിമത്തം എന്നാണു പേരെന്നും അത്തരം ചോദ്യങ്ങൾക്കൊപ്പമുണ്ടാവുന്ന സമസ്ത ഭാവഹാവാദികളും അശ്ലീലമാണെന്നും തിരിച്ചറിയാൻ ഒരു വ്യാഴവട്ടം കൂടി വേണ്ടിവന്നു.

ജനാധിപത്യം എന്നത് വളരെ നല്ല ഒരാശയമാണ്; പക്ഷേ കുടുംബത്തിനകത്ത് അതിനെ കയറ്റുന്നത് പിഞ്ഞാണക്കടയിൽ കാളക്കൂറ്റനെ കയറ്റുന്നതിനു തുല്യമാണ് എന്നു നിരീക്ഷിച്ച ന്യായാധിപരുണ്ട് നമുക്ക്. ഏത് തീവ്ര വിപ്ലവകാരിയും ചെരിപ്പഴിച്ചിട്ടു മാത്രം കയറുന്ന പുണ്യസ്ഥലങ്ങളായി കുടുംബങ്ങൾ തുടരുന്നതിന്‍റെ ഒരു കാരണം ഭരണകൂടവും നിയമ വ്യവസ്ഥയും അതിനു നല്കിയ അമിതപ്രാധാന്യമാണ്. കുടുംബത്തിന്‍റെ തകർച്ച സംസ്കാരത്തിന്‍റെ തകർച്ചയുമായി നേരിട്ടു ബന്ധപ്പെടുത്തുകയാണ് പതിവ്. ഉഭയലിംഗ -പിതൃമേധാവിത്വ കുടുംബസ്വരൂപങ്ങൾ മാത്രമേ ഈ ചൊൽക്കൊണ്ട സംസ്കാരത്തെ നിലനിർത്തുകയും പൊലിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതു വേറെ കാര്യം. അതല്ലാത്ത ഘടനകൾ കുടുംബങ്ങൾക്കുണ്ട് എന്നത് സമൂഹത്തിന്‍റെ അവസാനപരിഗണനയിൽ പോലും വന്നില്ലെന്നു വരാം. നിലവിൽ ആദർശമാതൃകയായി വ്യവഹരിക്കപ്പെടുന്ന കുടുംബത്തിനകത്ത് ജനാധിപത്യം കയറിയാലുള്ള അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. അതെന്തെങ്കിലും ആവട്ടെ, കുടുംബത്തിനകത്ത് സ്നേഹമുണ്ടെങ്കിൽ പിന്നെ ജനാധിപത്യത്തിന്‍റെ പ്രസക്തിയെന്താണെന്ന ചോദ്യത്തിന് രണ്ടും രണ്ടാണ് എന്നാണുത്തരം. വെണ്ണയുണ്ടെങ്കിൽ നറുനെയ് വേറിട്ടു കരുതേണമോ എന്ന് ഇവ രണ്ടിനെയും മുൻനിർത്തി അത്രയെളുപ്പം ചോദിച്ചുകൂടാ. ഞങ്ങൾ പരസ്പരം കയ്യിട്ടുവാരി കഴിക്കാറുണ്ടല്ലോ എന്ന ചോദ്യവും പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ശുദ്ധാത്മാക്കൾ പൊരിച്ച മീനിലും വഴുതനയിലും ഇനിയും വഴുതിക്കൊണ്ടിരിക്കും. അവർക്കുള്ളതാണ് ഈ കുറിപ്പ്. തിരിച്ചറിവുകൾ വൈകിയായാലും ഉണ്ടാവുന്നതാണ് നല്ലത്.
'പണ്ടൊരിക്കൽ ഒരു കൂട്ടുകാരിയുടെ ' എന്ന് തുടങ്ങാതിരുന്നതിനാൽ ഉണ്ടാകാവുന്ന മുറിവുകൾക്ക് ഖേദം.

പിൻകുറിപ്പ്: പൊന്നുപോലെ വളർത്തിക്കൊണ്ടു വരുന്ന മകൾ ഏതു സാഹചര്യത്തിലായാലും എച്ചിൽ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതു കണ്ടാൽ എനിക്ക് ചങ്കുകടയും. അവൾക്കത് ഇഷ്ടമല്ല, ഞാനത് പൊറുക്കുകയുമില്ല.'

First published: October 11, 2019, 1:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading