നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കവളപ്പാറയിലെ മനുഷ്യമാലാഖമാർ- ദുരന്തഭൂമിയിൽ കരളുറപ്പോടെ രാജേഷ് ഡൊമനിക്

  കവളപ്പാറയിലെ മനുഷ്യമാലാഖമാർ- ദുരന്തഭൂമിയിൽ കരളുറപ്പോടെ രാജേഷ് ഡൊമനിക്

  ആ കടലാസില്‍ ഉണ്ടായിരുന്നത് 63 പേരുടെ വിശദാംശങ്ങൾ... 4 പേര്‍ മറ്റൊരു ബന്ധുവീട്ടിലുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ കാണാതായവരുടെ എണ്ണം 59 എന്ന് ഉറപ്പിച്ചു... അധികൃതരേക്കാള്‍ ഏറെ മുൻപെ രാജേഷ് ഈ എണ്ണവും ആളുകളുടെ വിവരവും വ്യക്തമാക്കിയിരുന്നു...

  • Share this:
  മുത്തപ്പൻ കുന്ന് ഒരു ഗ്രാമത്തെ ഒന്നാകെ വിഴുങ്ങിയപ്പോള്‍, വിശ്വാസികളായവര്‍ വരെ വിശ്വാസത്തിനുടയോനായവനെ തള്ളിപ്പറഞ്ഞപ്പോള്‍ മണ്ണില്‍ മനുഷ്യരൂപത്തില്‍ മാലാഖമാരെ പോലെ ഇടപെട്ടവരുണ്ട്... ഒന്നല്ല, ഒരുപാട് പേര്‍... അവരില്‍ ചിലരെ, അവരുടെ പ്രതിരൂപമായി പരിചയപ്പെടുത്തുകയാണ് ഇവിടെ...

  രാജേഷ് ഡൊമനിക്

  ഓഗസ്റ്റ് പത്താം തീയതി രാവിലെയാണ് ന്യൂസ് 18 സംഘം രാജേഷിനെ കണ്ടത്... കടല്‍പോലെ കിടക്കുന്ന മണ്‍കൂനകള്‍ക്കിടയില്‍, മഴയെ വക വെയ്ക്കാതെ ആരെയൊക്കെയെ തേടുകയായിരുന്നു അയാള്‍... ഞങ്ങളോട് സംസാരിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും രാജേഷ് ഒരു കടലാസ് എടുത്തു കാണിച്ചു... അതില്‍ പേരുകളായിരുന്നു... മണ്ണിനടിയില്‍ എവിടെയോ ആണ്ടുപോയ ദൗർഭാഗ്യവാൻമാരുടെ വിശദാംശങ്ങള്‍... ഓരോ വീടുകളുടെ പറ്റിയും അവിടെ ഉള്ളവരെ പറ്റിയും ഉള്ള കൃത്യമായ വിവരങ്ങള്‍.... ആ കടലാസില്‍ ഉണ്ടായിരുന്നത് 63 പേരുടെ വിശദാംശങ്ങൾ... 4 പേര്‍ മറ്റൊരു ബന്ധുവീട്ടിലുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ കാണാതായവരുടെ എണ്ണം 59 എന്ന് ഉറപ്പിച്ചു... അധികൃതരേക്കാള്‍ ഏറെ മുൻപെ രാജേഷ് ഈ എണ്ണവും ആളുകളുടെ വിവരവും വ്യക്തമാക്കിയിരുന്നു...

  തുടര്‍ന്ന് തെരച്ചില്‍ നടക്കുമ്പോള്‍ ഓരോ തവണയും ഓരോരോ ശരീര ഭാഗങ്ങള്‍ ആഴങ്ങളില്‍ നിന്നും കണ്ടെത്തുമ്പോള് അത് തിരിച്ചറിയാൻ ആദ്യം എത്തിയത് രാജേഷ് തന്നെ... വസ്ത്രങ്ങളുടെ നിറത്തില്‍ നിന്നും അടയാളങ്ങളില്‍ നിന്നും ആളുകളെ തിരിച്ചറിയുക എന്നത് എളുപ്പമല്ല, അതും നമുക്ക് ഏറെ പരിചിതരായ പ്രിയപ്പെട്ടവരെ, സുഹൃത്തുക്കളെ... ചെറിയ മനക്കട്ടിയൊന്നും പോര അതിന്... രാജേഷ് പറഞ്ഞ വാക്കുകള്‍ ആവർത്തിക്കുക ആണെങ്കില്‍ ഇങ്ങനെ പറയാം... "നമുക്ക് അവർക്ക് നല്‍കാൻ കഴിയുന്ന ഏറ്റവും വലിയ നന്മ, അവരെ സംസ്കരിക്കുക എന്നതാണ്..അത് മരിച്ചവരേക്കാള്‍ ജീവിച്ചിരിക്കുന്നവര്‍ക്കാണ് ശാന്തി നല്‍കുക... മണ്ണിനടിയില്‍ ദിവസങ്ങള്‍ കിടന്ന പലരുടേയും ശരീരം തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു... അവരെ ആഭരണങ്ങള്‍ നോക്കിയും വസ്ത്രങ്ങള്‍ നോക്കിയും ഒക്കെ തിരിച്ചറിയുക എന്നത് ഏറെ വിഷമം ഉണ്ടാക്കിയ സാഹചര്യമാണ്.. ഒരു നോക്ക് നോക്കി, തിരിച്ചറിഞ്ഞ്, നടന്ന് മാറുകയാണ് ചെയ്തത്... പ്രിയപ്പെട്ടവര്‍ അനാഥശവങ്ങളായി അവസാനിക്കരുതല്ലോ... അതുകൊണ്ടാണ് വേദനയും ദുഃഖവുമേറെ ഉണ്ടെങ്കിലും അങ്ങനെ ചെയ്തുകൊണ്ടേയിരുന്നത്... ഇത് ഒരു പക്ഷെ മരിച്ചവരുടെ ഉറ്റ ബന്ധുക്കള്ക്ക് കഴിഞ്ഞേക്കില്ല"

  ഇത് മാത്രമല്ല... മണ്ണിടിച്ചിലില്‍ വീടുകളെല്ലാം തറയോടെയാണ് ഒഴുകി നീങ്ങിയത്.. ഓരോ വീടുകളുടേയും സ്ഥാനം, മണ്ണിടിച്ചിലിൻറെ ദിശ നോക്കി ഏകദേശം മനസിലാക്കി, അത് അധികൃതരെ ധരിപ്പിക്കാനും രാജേഷ് ശ്രമിച്ചു... ഇത് തെരച്ചിലിന് കുറച്ചൊന്നുമല്ല സഹായമായത്... കവളപ്പാറയിലെ ഓരോ പ്രദേശവും ഇടവഴികളും കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതമായ ഒരാള്ക്ക് മാത്രമെ അത് സാധിക്കൂ...

  ആദ്യ മൃതദേഹം മുതല്‍ ഏറ്റവും അവസാനത്തെ, നാല്പത്തിയെട്ടാമെത്തെ മൃതദേഹം വരെ കണ്ടെടുക്കുന്നിടത്ത് രാജേഷ് ഉണ്ടായിരുന്നു... ഇന്നാട്ടുകാരുടെ എല്ലാം വേദനയായി മാറിയ, രക്ഷാപ്രവര്‍ത്തനത്തിന് ഇടെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അനീഷിൻറെ മൃതദേഹം ആയിരുന്നു ഏറ്റവും അവസാനം കണ്ടെടുത്തത്.. ദുരന്തം നടന്ന് പതിമൂന്നാം നാള്‍...

  ഈ ദുരന്തം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങളെ ശാസ്ത്രീയമായി തന്നെ രാജേഷ് വിശദമാക്കുന്നുണ്ട്.. അതും ചിത്രങ്ങളുടെ സഹായത്തോടെ.. കാടിനേയും മലയേയും അടുത്തറിഞ്ഞ രാജേഷിൻറെ നിഗമനങ്ങള്‍ അത്ര പിഴക്കില്ലെന്ന് ഇദ്ദേഹത്തെ അറിയുന്ന ആര്‍ക്കും മനസിലാകും..
  First published: