ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസില്‍, രാജ്കുമാറിന്റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോര്‍ട്ടം ചെയ്യും. രാജ്കുമാറിനെ സംസ്കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും റീ പോസ്റ്റുമോര്‍ട്ടം.
also read:
പത്തനംതിട്ട ജ്വല്ലറി മോഷണം; കവർച്ച നടത്തിയ നാലംഗ സംഘം പിടിയിൽ
കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിലാണ് റീ പോസ്റ്റ്മോർട്ടം നടക്കുന്നത്. രാവിലെ 10-ഓടെ നടപടി ക്രമങ്ങള്‍ തുടങ്ങും. ടി ബി ഗുജ്റാള്‍, കെ പ്രസന്നന് എന്നിവര്‍ അടക്കമുള്ള വിദഗ്ധ ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ജുഡീഷ്യല്‍ കമ്മിഷന് ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആര് ഡി ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലത്തുണ്ടാകും.
രാജ്കുമാറിന്റെ വാരിയെല്ലുകള്‍ക്കുണ്ടായ ഒടിവ് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണോ എന്നായിരിക്കും റീ പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ അപാകതകളുണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്തിയിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനയ്ക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
ആദ്യത്തെ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കമ്മിഷന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് നാരായണക്കുറുപ്പ് പറഞ്ഞു.റീ പോസ്റ്റ്മോർട്ടം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.