• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് ; പി.സി. ചാക്കോ ഇടതുമുന്നണിയുടെ സ്ഥാനാർഥിയാകുമോ?

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് ; പി.സി. ചാക്കോ ഇടതുമുന്നണിയുടെ സ്ഥാനാർഥിയാകുമോ?

ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സി പി എം പ്രധാനമായും പരിഗണിക്കുന്നത്.

പി സി ചാക്കോ

പി സി ചാക്കോ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം 12ന് നടക്കാനിരിക്കെ, ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.

    Also Read- RajyaSabha Election| മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

    കോൺഗ്രസിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് പി സി ചാക്കോ കഴിഞ്ഞ ദിവസമാണ് എൻ സി പിയിൽ ചേർന്നത്. ഇതിന് തൊട്ടു മുമ്പ് അദ്ദേഹം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹിയിൽ സന്ദർശിച്ചിരുന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നില്ലെങ്കിലും സി പി എം ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ചാക്കോയുടെ ലക്ഷ്യം. കേരളത്തിലേക്ക് തിരിച്ചെത്തിയ ചാക്കോയ്ക്ക് എൻ സി പി വമ്പൻ സ്വീകരണമാണ് ഒരുക്കിയത്. 14 ജില്ലകളിലും എൽ ഡി ഫിനുവേണ്ടി പി സി ചാക്കോ പ്രചാരണത്തിനിറങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

    പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ്

    പാലായ്ക്ക് പകരം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകുമെന്ന് നേരത്തെ സി പി എമ്മും എൻ സി പിയും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ കാപ്പൻ പാലായ്ക്ക് വേണ്ടി ഉറച്ചുനിന്ന് യു ഡി ഫുമായി അനൗദ്യോഗിക ചർച്ച നടത്തിയതോടെ രാജ്യസഭാ സീറ്റ് നൽകില്ലെന്ന് പിണറായി എൻസിപി നേതാവ്  പ്രഫുൽ പട്ടേലിനെ അറിയിക്കുകയായിരുന്നു. ചാക്കോയെ പോലൊരു മുതിർന്ന നേതാവ് വന്ന സാഹചര്യത്തിൽ രാജ്യസഭാ സീറ്റിൽ നിന്ന് പിന്നോട്ട് പോകേണ്ടയെന്നാണ് എൻ സി പി നിലപാട്. കോൺഗ്രസിൽ ഉണ്ടായിരുന്ന സമയത്ത് പലതവണ രാജ്യസഭാ സീറ്റിനായി ചാക്കോ ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല.

    Also Read- കോൺഗ്രസ് വിട്ടുവന്ന പി സി ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

    ഇടതുപാളയത്തിലേക്ക് വന്ന ഉടനെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകുന്നത് ഉചിതമാവില്ല എന്നാണ് എൽഡിഎഫ് നേതാക്കൾ അടക്കം പറയുന്നത്. ഈ രണ്ട് സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ഇനിയും ധാരണ ഉണ്ടാവേണ്ടതുണ്ട്. ഇപ്പോൾ തന്നെ സിപിഎമ്മിന് രാജ്യസഭയിൽ അം​ഗങ്ങൾ തീരെ കുറവാണ്. സിപിഐക്ക് കേരളത്തിൽ നിന്ന് ബിനോയ് വിശ്വം രാജ്യസഭാം​ഗമാണ്. അതുകൊണ്ട് രണ്ട് സീറ്റും സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.

    ചെറിയാൻ ഫിലിപ്പ്? 

    ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സി പി എം പ്രധാനമായും പരിഗണിക്കുന്നത്. ചെറിയാൻ ഫിലിപ്പിനെ രാജ്യസഭാ സീറ്റിലേക്ക് നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സി പി എം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് എളമരം കരീമിനെ പാർലമെന്റിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് അവസരം നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം.

    Also Read- 'കരുണാനിധി വരെ സ്റ്റാലിനെ വിശ്വസിച്ചിട്ടില്ല, എന്നിട്ടല്ലെ ജനങ്ങൾ’: DMK നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാടി പളനിസ്വാമി

    നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം കിട്ടാതെപോയ മന്ത്രിമാരായ തോമസ് ഐസക്ക്, എ കെ ബാലൻ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ തുടങ്ങിയവരുടെ പേരുകളും രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. ചാക്കോയ്ക്കും ചെറിയാൻ ഫിലിപ്പിനും സീറ്റ് ലഭിച്ചാൽ രണ്ട് മുൻ കോൺഗ്രസുകാർ ഇടതുപക്ഷത്തിന്റെ കൈത്താങ്ങിൽ രാജ്യസഭാ എം പിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

    വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു ഡി എഫ് തിരുമാനം.
    Published by:Rajesh V
    First published: