• HOME
  • »
  • NEWS
  • »
  • kerala
  • »
  • Jebi Mather| രാജ്യസഭാ തെരഞ്ഞെടുപ്പ്: UDF സ്ഥാനാർഥി ജെബി മേത്തര്‍ പത്രിക സമര്‍പ്പിച്ചു

Jebi Mather| രാജ്യസഭാ തെരഞ്ഞെടുപ്പ്: UDF സ്ഥാനാർഥി ജെബി മേത്തര്‍ പത്രിക സമര്‍പ്പിച്ചു

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

  • Share this:
    തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി (UDF Candidate) മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ (Jebi Mather) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എമാരായ എം. വിന്‍സെന്റ്, പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

    എ കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി  കേരളത്തിൽ നിന്നുള്ള ഒൻപത് അംഗങ്ങളിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാകും.

    കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുൻ കെ പി സി സി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്.

    കുടുംബ പശ്ചാത്തലം, സമുദായം, പ്രായം, വനിത, കെസി വേണുഗോപാലിന്റെ പിന്തുണ എന്നിവ ജെബി മേത്തറിന് അനുകൂലമായി.1980 ൽ ലീല ദാമോദര മേനോൻ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.

    ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് പാര്‍ട്ടി നല്‍കിയത്; അതില്‍ അസഹിഷ്ണുത വേണ്ട; ജെബി മേത്തര്‍

    രാജ്യസഭാ സ്ഥാനാർത്ഥി സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ജെബി മേത്തർ . ആർക്കും ലഭിക്കാത്ത ഭാഗ്യമാണ് പാർട്ടി തനിക്ക് നൽകിയത്. അതിൽ ആർക്കും അസഹിഷ്ണത വേണ്ടെന്നും ജെബി പ്രതികരിച്ചു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിമർശനങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. വിമർശനം ഉന്നയിക്കുന്നവരും തന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുമെന്നാണ് വിശ്വാസം. തന്നെ ഏൽപിച്ച ചുമതല ഭംഗിയായി നിർവഹിക്കും. തനിക്ക് ഒപ്പം പരിഗണിച്ചവരാരും തഴയപ്പെടേണ്ടവർ അല്ലെന്നും ജെബി മേത്തർ പറഞ്ഞു.

    പത്മജ വേണുഗോപാലിന്റെ സോഷ്യൽ മീഡിയയിലെ വിമർ‌ശനത്തിനോട് ജെബി മേത്തർ പ്രതികരിച്ചില്ല. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭാ വൈസ് ചെയർപേഴ്സനുമായ ജെബി മേത്തറിന് ഇത്രയും പദവികൾ ഒരുമിച്ച് വായിക്കാൻ കഴിയുമോ എന്നായിരുന്നു കെ വി തോമസിന്റെ മകൻ ബിജു തോമസിന്റെ വിമർശനം. ഫെയ്‍സ് ബുക്കിലെ വിമർശനം മകന്റെ അഭിപ്രായം എന്ന പേരിൽ കെ വി തോമസും ഷെയർ ചെയ്തിരുന്നു.
    Published by:Rajesh V
    First published: