തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഈ മാസം 31ന് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. സര്‍ക്കാരും പ്രോസിക്യൂഷനും എത്ര ശ്രമിച്ചാലും നീതി ലഭിക്കും വരെ തന്റെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല ഇക്കാര്യം അറിയച്ചത്.
നേരത്തെ നിയമസഭാ കൈയാങ്കളി കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണുണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.
വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടയുകയും കേസില്‍ ആരോപണ വിധേയര്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തലയും സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്കി.
കേസിന്റെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാന്‍ എന്ത് പൊതുതാല്‍പ്പര്യമാണെന്നാണ് കോടതി ചോദിച്ചത്. എം എല്‍ എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നും കോടതി വ്യക്തമാക്കി. എം എല്‍ എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ 13ാം ബജറ്റ് അവതരണ ദിനത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ ധനമന്ത്രി കെ എം മാണിക്കെതിരെയായിരുന്നു പ്രതിഷേധം.
ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തിയത്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.