• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'വെളുപ്പിനെ കറുപ്പിക്കുന്നതു കൊണ്ടാണ് പലരും യൗവ്വനം നിലനിര്‍ത്തുന്നത്' ; ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുരളീധരന്‍

'വെളുപ്പിനെ കറുപ്പിക്കുന്നതു കൊണ്ടാണ് പലരും യൗവ്വനം നിലനിര്‍ത്തുന്നത്' ; ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുരളീധരന്‍

ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്യണമെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട്, വേണ്ട ചര്‍ച്ചകള്‍ രാഹുല്‍ഗാന്ധി നടത്തുമെന്നും അതിനേക്കാള്‍ വലിയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലല്ലോയെന്നുമായിരുന്നു മുരളീധരന്റെ മറുപടി

 • Share this:
  തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുതിയ ചേരിപ്പോര് എത്തി നില്‍ക്കുന്നത് നേതാക്കളുടെ പ്രായത്തെ സംബന്ധിച്ച തര്‍ക്കത്തിലാണ്. പ്രായം കണക്കിലെടുത്താണ് പുതിയ നീക്കമെന്ന നേതൃത്വത്തിന്റെ വിശദീകരണത്തിനെതിരെ ആദ്യം പരസ്യമായെത്തിയത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. മുതിര്‍ന്ന നേതാവ് എന്നു പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ലെന്നും, ഇക്കാര്യം പറയുന്ന പലരും 75-ല്‍ എത്തിയവരാണെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് 63 വയസ്സ് മാത്രമാണെന്നും അദ്ദേഹം ഇന്നലെ ഓര്‍മ്മിപ്പിച്ചിരുന്നു. 73 വയസുകാരനായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യമിട്ടായിരുന്നു ചെന്നിത്തലയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍.

  ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ ഒളിയമ്പുമായി കെ മുരളീധരനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വെളുപ്പിനെ കറുപ്പിക്കുന്നതു കൊണ്ടാണ് പലരും യൗവ്വനം നിലനിര്‍ത്തുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം.

  കൂടാതെ 'കെ കരുണാകരന്‍ മരണക്കിടക്കയില്‍ നിന്നും മകനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് കത്തെഴുതിയിട്ടും പരിഗണിക്കാത്തവരുണ്ട്. എത്രകാലം വെയിലത്ത് നിര്‍ത്തിയിട്ടാണ് തന്നെ പാര്‍ട്ടിയ്ക്കകത്ത് പ്രവേശിപ്പിച്ചത്. പഴയ കാര്യങ്ങള്‍ ഒരുപാട് പറയാനുണ്ട്. എല്ലാവരും കുറച്ചൊക്കെ അഡ്ജസ്റ്റ്് ചെയ്യണം. പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണമെന്നും' മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

  ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്യണമെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട്, വേണ്ട ചര്‍ച്ചകള്‍ രാഹുല്‍ഗാന്ധി നടത്തുമെന്നും അതിനേക്കാള്‍ വലിയ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലല്ലോയെന്നുമായിരുന്നു മുരളീധരന്റെ മറുപടി.

  തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന വേദിയിലായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. 'പാര്‍ട്ടിയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ സമൂഹത്തില്‍ നാണം കെടുത്തും വിധം ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കേണ്ടതില്ല. കുറവുകള്‍ പരിഹരിച്ചുള്ള സമൂലമാറ്റമാണ് പാര്‍ട്ടിയില്‍ അനിവാര്യം. താനും പലപ്പോഴും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. അതിനുള്ള ശിക്ഷയും അനുഭവിച്ചു. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ആവില്ല. ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകും.എന്നാല്‍ വീതം വെപ്പിന്റെ ദോഷം ഒരുപാട് അനുഭവിച്ചതിനാല്‍ ഇനിയതുണ്ടാകില്ലെ'ന്നും മുരളീധരന്‍ പറഞ്ഞു.

  'സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടി പോകണമെന്നാണ് തീരുമാനം. അതോടെ ചില മാറ്റങ്ങള്‍ ഉണ്ടാകും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ല. കഴിയുന്നത്ര സമവായത്തിന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ നിലവില്‍ പരാതികളൊന്നും ഇല്ല. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടി വിട്ടവരെ തിരികെ എത്തിക്കണം. എന്നാല്‍ പുറത്താക്കിയവര്‍ വേസ്റ്റുകളാണ്. അവരുമായി ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള വേസ്റ്റുകളെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്സ് വെച്ചിരിക്കുകയാണ്. ആ വേസ്റ്റ് ബോക്സില്‍ വീണവരെ തിരികെ വേണ്ടെ'ന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

  'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നായിരുന്നു നിലവിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. ആരെയെങ്കിലും ഒതുക്കണമെന്ന മര്‍ക്കട മുഷ്ടി കെപിസിസിക്കില്ല. മുന്‍ കാലങ്ങളില്‍ പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. അന്നൊക്കെ അത് താങ്ങാന്‍ ഉള്ള ശേഷി പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്ന് എല്ലാവരും മനസിലാക്കണം. പരാതികള്‍ സ്വാഭാവികമാണ്. എന്നാല്‍ ആക്ഷേപവും ആരോപണവും ഉന്നയിക്കുന്നവര്‍ പാര്‍ട്ടിയുടെ മിത്രങ്ങളല്ല, ശത്രുക്കളാണെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു.
  Published by:Karthika M
  First published: