അദാനിയുമായി കെഎസ്ഇബി ഉണ്ടാക്കിയത് ഹ്രസ്വകാല കരാർ: കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
അദാനിയുമായി കെഎസ്ഇബി ഉണ്ടാക്കിയത് ഹ്രസ്വകാല കരാർ: കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
ഇടപാടിന് പിന്നില്‍ സാമ്പത്തിക ലാഭവും രാഷ്ട്രീയലാഭവും മാത്രമാണുള്ളത്. 25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.
ഇടുക്കി: അദാനി എന്റര്‍പ്രൈസസുമായി കെഎസ്ഇബി കരാര്‍ ഉണ്ടാക്കിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. 2021 ഫെബ്രുവരി 15 ന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദാനിയുമായുണ്ടാക്കിയ കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരം രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി.യുടെ കമേഴ്സ്യല്‍ ആന്‍ഡ് പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് ലെറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവെച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2021 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍ 16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.
അദാനിയില്‍ നിന്ന് യൂണിറ്റിന് 3.04 രൂപ വെച്ച് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങിയതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അദാനിയുമായി ഹ്രസ്വകാല ഇടപാടില്‍ കരാര്‍ ഒപ്പു വയ്ക്കാത്തതെന്നും പകരം അതിന് തുല്യമായ ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്കി ഉടമ്പടി നടപ്പില്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബിയ്ക്ക് കത്തെഴുതുകയും തുടര്‍ന്ന് അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മിഷന് 17.3.2021 ന് പബ്ലിക് ഹിയറിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്. ഈ ഇടപാടിന് പിന്നില്‍ സാമ്പത്തിക ലാഭവും രാഷ്ട്രീയലാഭവും മാത്രമാണുള്ളത്. 25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയ്ക്കും പിണറായിക്കും ഇടയിലെ പാലമായിട്ടാണ് അദാനി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്, ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്കടത്തുകേസുമെല്ലാം അട്ടിമറിക്കപ്പെട്ടതിലൂടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ആറാം പ്രതിയായ ലാവ്ലിന് കേസ് 28 തവണ മാറ്റി വെച്ചതും ഈ ബന്ധം കാരണമാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അദാനിയുമായി യുദ്ധംചെയ്യുകയാണെന്ന പ്രതീതി ഉണ്ടാക്കിയിട്ട് വിമാനത്താവളം അവര്‍ക്ക് തന്നെ നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തിയതായും സംസ്ഥാനത്ത് സി.പി.എമ്മിനെയും ബി.ജെ.പിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദാനിയെന്നും കാപട്യം മാത്രമാണ് സര്‍ക്കാരിന്റെ കൈമുതലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ തന്നെ വെല്ലുവിളിക്കുകയും ചെയ്തു. അതിനിടയില്‍ അദാനിയുമായി കെഎസ്ഇബി നടത്തിയ ഇടപാടിന്റെ മുഴുവന്‍ വിശാംശങ്ങളും വെളിപ്പെടുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്തത്. അതിന് ശേഷം ഒന്നും അറിയാത്തതു പോലെ ഇതിലെന്താണ് കുഴപ്പമെന്ന് ചോദിക്കുകയാണ്, രമേശ് ചെന്നിത്തല പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.