തിരുവനന്തപുരം: ആർക്കാണെന്നും പോലും അറിയില്ലെങ്കിലും ഭക്ഷണപൊതിക്കൊപ്പം നൂറുരൂപ കൂടി കരുതി വച്ച മേരി സെബാസ്റ്റെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. കുമ്പളങ്ങികാരിയായ മേരിയെ പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചു അഭിനന്ദിച്ചു.
ചെല്ലാനത്തെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് മാസങ്ങളായി പണിയില്ലാത്തതിനാൽ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്നും തേയിലയും പഞ്ചസാരയും വാങ്ങാനുള്ള തുകയെങ്കിലും ആകട്ടേയെന്നു കരുതിയാണ് തന്റെ കൈയിലുണ്ടായിരുന്ന നൂറുരൂപ ചോറുപൊതിക്കൊപ്പം വച്ചതെന്ന്
മേരി പറഞ്ഞു. മേരിയുടെ നൂറുരൂപയ്ക്ക് നൂറു കോടി രൂപയിലേറെ വിലയുണ്ടെന്നും പൊതിച്ചോറിൽ കാത്ത് വച്ചത് സഹജീവിയോടുള്ള കരുതൽ ആണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
കോവിഡ് കാലം ദുരിതം വിതച്ചു മുന്നേറുമ്പോഴും ചില നന്മകൾ ഏറെ പ്രതീക്ഷകൾ നൽകുന്നു. അത്തരമൊരു വ്യക്തിയാണ് കുമ്പളങ്ങിയിലെ മേരി സെബാസ്റ്റ്യൻ. ദുരിതബാധിതർക്ക് നൽകിയ പൊതിച്ചോറിൽ 100 രൂപ വെക്കാൻ കാണിച്ച മനസ്സിനുടമ. കൂലിവേലക്കാരനായ ഭർത്താവിനു ജോലി ഇല്ലാതായിട്ട് നാളുകളായെങ്കിലും കൈയിലുള്ള 100 രൂപ ഏറെ ബുദ്ധിമുട്ടുന്ന ആളുകൾക്ക് കൊടുക്കാൻ മേരി തയ്യാറായി. അതും വാങ്ങുന്ന ആളിന് യാതൊരു വിഷമവും തോന്നാത്ത തരത്തിൽ.
ഇന്ന് മേരിയോട് ഫോണിൽ സംസാരിച്ചു. സ്വയം ദുരിതങ്ങളെ നേരിടുമ്പോളും തനിക്കു തീർത്തും അപരിചിതനായ ഒരു സഹജീവിയെ സഹായിക്കാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു മേരിയുടെ വാക്കുകളിൽ നിറയെ. അവരുടെ നല്ല മനസ്സിന് നന്മ വരട്ടെ എന്നു ആശംസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.