തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല. പിണറായിയുടെ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളാനും പൊതുജനത്തിന് വിലക്കേര്പ്പെടുത്തിയാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-V D Satheesan | 'ജനങ്ങളെ ഭീതിയിലാക്കുന്നു; ഇനി കറുപ്പ് നിരോധിക്കുമോ?' മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നല്ലതെന്ന് വിഡി സതീശന്‍രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി. ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികില്‍ മാമോദീസ കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതില്‍ നിന്ന് ഒരു മണിക്കൂര്‍ നേരമാണ് പിണറായിയുടെ പോലീസ് തടഞ്ഞുനിര്‍ത്തിയത്.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പോലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്.
ഈ മാന്യ ദേഹം പോകുന്ന വഴിയില്‍ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ പോലീസ് അനുവദിക്കുന്നില്ല.
മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്.പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോള്‍ കാണുന്നത്.
ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈല്‍ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്ക്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും, പിടിച്ചിരിക്കുന്ന കുടക്കും, സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാകരുത്.
ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭയപ്പെടാന്‍ പിണറായി തയ്യാറെടുക്കണം. കേരളത്തിലെ പ്രതിപക്ഷവും പൊതുജനതയും തെരുവില്‍ത്തന്നെയുണ്ടാകും, നിങ്ങള്‍ വിലക്കിയതോരോന്നും ധരിച്ചുകൊണ്ടുതന്നെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.