News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 21, 2020, 3:14 PM IST
രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാൻ സർക്കാരും സി.പി.എമ്മും ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാർ കോഴ ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏജൻസികൽ മൂന്നു തവണ അന്വേഷിച്ച് തള്ളിയ ആരോപണമാണിതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസും മയക്ക് മരുന്ന് കേസും അട്ടിമറിക്കാൻ നിയമസഭയെ പോലും സർക്കാർ മറയാക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാരും സിപിഎമ്മും നടത്തിയ ഗൂഢനീക്കങ്ങൾക്ക് നിരവധി ഉദാഹരങ്ങളുണ്ട്. സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാൻ അനുവദിച്ചത് ആദ്യത്തെ നീക്കം. സിബിഐ അന്വേഷണം ആരംഭിച്ചപ്പോൾ അതിനെ തടയാൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അടുത്തത്. പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം അടുത്ത നീക്കമാണ്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഹൈക്കോടതിയിൽ പോയത് മറ്റൊരു ഉദാഹരണം.
Also Read
'മഹാരാഷ്ട്രയിൽ ബിനാമി പേരിൽ 200 ഏക്കര്‍ ഭൂമിയുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്തണം': മുല്ലപ്പള്ളി രാമചന്ദ്രൻ
നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു മറ്റൊരു നീക്കം. ഇതിനിടെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വിട്ടു. ബിനീഷിൻ്റെ വീട്ടിലെ റെയ്ഡ് ബാലാവകാശ കമ്മീഷനെ കൊണ്ട് തടയാനും ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കുടുങ്ങും എന്ന് ബോധ്യമായപ്പോഴാണ് എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ട് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതമായ നീക്കം സി.പി.എം. നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഏജൻസികളുടെ വിശ്വാസം തകർക്കാനാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ പുറത്ത് വിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡസംഘമാണ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനായ
സിഎം രവീന്ദ്രനെ വിളിച്ചപ്പോഴാണ് പിണറായിയുടെ സ്വരം മാറിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ
ബിനാമി പേരിൽ ഇരുന്നൂറ് ഏക്കർ ഭൂമിയുള്ളതായി വാർത്ത പുറത്തു വന്നിട്ടുണ്ട്. ആരൊക്കെയാണ് ഈ മന്ത്രിമാരെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിനെപ്പറ്റി അന്വേഷിക്കണം. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ പറയാറുണ്ട്. ഇങ്ങനെ കൂട്ടിച്ചേർത്തത് ഉന്നയിച്ച് പ്രക്ഷോഭം നടത്തിയവർ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ബാർകോഴ കേസിൽ തനിക്കെതിരെ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വഗതം ചെയ്യുന്നു. ഏത് അന്വേഷണവും താൻ നേരിടും. ഇതുമായി ബന്ധപ്പെട്ട് ആറ് വർഷം മുൻപ് ആരോപണം ഉയർന്നപ്പോൾ അന്ന് അക്കാര്യം താൻ നിഷേധിച്ചതാണ്.
പഴയ വെളിപ്പെടുത്തലിൽ ഇപ്പോൾ വീണ്ടും വരുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണത്തെ താൻ സ്വാഗതം ചെയ്യുന്നു. കോടതിയിലിരിക്കുന്ന കേസിൽ വീണ്ടും അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാവേണ്ടതുണ്ട്. സർക്കാർ നീക്കത്തിനെതിരെ അപകീർത്തി കേസിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Published by:
Aneesh Anirudhan
First published:
November 21, 2020, 3:14 PM IST