• HOME
 • »
 • NEWS
 • »
 • kerala
 • »
 • "മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ 149 പേരെ സസ്‌പെന്‍ഡ് ചെയ്തു. എനിക്കെതിരെ അസഭ്യം പറഞ്ഞ ഒരാളിന്റെ പോലും പേരില്‍ കേസെടുത്തില്ല:" ചെന്നിത്തല

"മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ 149 പേരെ സസ്‌പെന്‍ഡ് ചെയ്തു. എനിക്കെതിരെ അസഭ്യം പറഞ്ഞ ഒരാളിന്റെ പോലും പേരില്‍ കേസെടുത്തില്ല:" ചെന്നിത്തല

വടകരയില്‍ സി.ഓ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇപ്പോള്‍ പൊലീസ് സ്വീകരിക്കുന്ന നടപടി അപര്യാപതമാണെന്ന് ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

 • News18
 • Last Updated :
 • Share this:
  രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്


  വടകരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സി.പി.എം നേതാവ് സി. ഒ. റ്റി. നസീറിനെ സി.പി.ഐ(എം)കാര്‍ തന്നെ റോഡിലിട്ട് തുരുതുരാ വെട്ടുന്ന ദൃശ്യങ്ങള്‍ കണ്ട് കേരളം സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലുന്നത് എന്നുള്ളതിന്റെ ഭയാനകമായ ചിത്രമാണ് ആ സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിഞ്ഞത്. സ്‌കൂട്ടറിന്റെ പിന്നിലിരുന്നുപോയ ഒരാളിനെ എങ്ങനെയാണ് തള്ളിയിടുന്നത്,  വെട്ടിക്കൊല്ലുന്നത് എന്ന് വളരെ വ്യക്തമായി ആ സി.സി.ടി.വി. ഫൂട്ടേജിലൂടെ കാണാന്‍ കഴിയും. ഇങ്ങനെ തന്നെയാണ് ടി.പി. ചന്ദ്രശേഖരനെയും കല്യോട്ടെ പാവപ്പെട്ട രണ്ട് ചെറുപ്പക്കാരായ കൃപേഷിനെയും ശരത്ലാലിനെയും കൊന്നത്.  ആസൂത്രിതമായി ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ പ്രാപ്തരായ പരിശീലനം ലഭിച്ചിട്ടുള്ള ആളുകളാണ് ഈ കൊലപാതകങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത്. ഒരു മനുഷ്യനെ നടുറോഡില്‍ പച്ചയ്ക്ക് വെട്ടി നുറുക്കുന്നു. വീണുകിടന്ന് പിടയുന്ന മനുഷ്യനുനേരെ ബൈക്കോടിച്ചു കയറ്റുന്നു. എന്നാല്‍, കേരളത്തെ നടുക്കിയത് ഇതുമാത്രമല്ല. കുറ്റകൃത്യം ചെയ്തത് ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നുള്ളത് അതിനേക്കാള്‍ ഗൗരവമുള്ള ഒരു കാര്യമാണ്.  മുഖ്യമന്ത്രി ഇവിടെ പറഞ്ഞു, അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും  മത്സരിച്ച സ്ഥാനാര്‍ത്ഥിയും  നിരവധി സി.പി.എം നേതാക്കന്മാരും പോയിയെന്ന്. കുറ്റകൃത്യംചെയ്തത് ഞങ്ങളല്ലായെന്ന് ബോധ്യപ്പെടുത്താന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് സി.പി.എം-ന്റെ നേതൃത്വത്തിനറിയാം. തന്നെ വിധിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എ. എന്‍. ഷംസീര്‍ എം.എല്‍.എ. ആണെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സി. ഒ. റ്റി. നസീര്‍ മനോരമയോട് പറഞ്ഞു. ഏപ്രില്‍ 28-ന്  എ. എന്‍. ഷംസീര്‍, സി. ഒ. റ്റി. നസീറിനെ   ഓഫീസില്‍ വിളിച്ചുവരുത്തി അടിച്ച് കാലുമുറിക്കും, കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഉന്നയിച്ചതാണ് ഒരു എം.എല്‍.എ.ക്കെതിരെ ഗുരുതരമായ ഒരാരോപണം ഉന്നയിച്ചുകഴിഞ്ഞാല്‍ പോലീസ് അത് പരിശോധിക്കണ്ടേ, അത് അന്വേഷിക്കണ്ടേ? എഫ്.ഐ.ആര്‍.ല്‍ എടുത്ത് നടപടികള്‍ സ്വീകരിക്കുന്നതിനുപകരം സംരക്ഷണ നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നുവെന്നുള്ളത് ഗുരുതരമായ പ്രശ്‌നമല്ലേ; എന്തുകൊണ്ട് പോലീസ് ഈ കാര്യം അന്വേഷിക്കുന്നില്ല?


  വളരെ ഗുരുതരമായ ആരോപണമാണ് സി. ഒ. റ്റി. നസീര്‍ ഉന്നയിച്ചിട്ടുള്ളത്. പോലീസ് ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എ.യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ടോ?

  സ്വന്തം പാര്‍ട്ടിക്കാരനായ മുന്‍ സഖാവിനോടാണ് ഇത് ചെയ്തിട്ടുള്ളത്. അയാള്‍ ചെയ്ത തെറ്റെന്താണ്. അയാള്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നുള്ളതാണ് അല്ലാതെ. അയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനൊന്നുമല്ല, അയാള്‍ നേരത്തെ സി.പി.എം-ന്റെ പ്രവര്‍ത്തകനായിരുന്നു.  ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ മുഖ്യമന്ത്രിയായി പോയപ്പോള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. അവസാനം  അദ്ദേഹത്തിന്റെയടുത്ത് വന്ന് മാപ്പ് പറഞ്ഞ ചിത്രം നമ്മള്‍ പത്രത്തില്‍ കണ്ടതാണ്.  പാര്‍ട്ടി പറഞ്ഞിട്ടാണ് ഞാന്‍ ഇത് ചെയ്തത്, ക്ഷമിക്കണം എന്ന് പറഞ്ഞ്  ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് പറഞ്ഞ വ്യക്തിയാണ് ഇയാള്‍. ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നുള്ളതാണോ ഏറ്റവും വലിയ കുറ്റം. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇന്ത്യയില്‍ ഏത് പൗരനും നമ്മുടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അധികാരമില്ലേ; ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്ന് കരുതി അയാള്‍ക്ക് ആ നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷം ഉണ്ടാക്കുന്നതാണോ നാട്ടിലെ മെച്ചപ്പെട്ട ക്രമസമാധാനം?


  കല്ല്യാശ്ശേരിയിലെ പിലാത്തറയില്‍ ബൂത്ത് നമ്പര്‍ 19-ല്‍ മറ്റൊരാള്‍ തന്റെ വോട്ട് ചെയ്തുവെന്ന് പറഞ്ഞ ഷാര്‍ലറ്റിന് റീ-ഇലക്ഷന്‍ നടന്നപ്പോള്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞു. അവരുടെ വീടിന് ബോംബ് എറിഞ്ഞ സംഭവത്തെപ്പറ്റി ഇവിടുത്തെ പോലീസ് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ഇതാണോ പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത്. ഒരാഴ്ചകഴിഞ്ഞ്  പാവപ്പെട്ട ഒരു ബൂത്ത് ഏജന്റായ  പത്മനാഭന്റെ വീടിന് ബോംബെറിഞ്ഞു. ഇതാണോ കേരളത്തിലെ പൗരാവകാശ സംരക്ഷണം, ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണം?

  കണ്ണൂരില്‍ ആരാണ് കലാപങ്ങള്‍ ഉണ്ടാക്കുന്നത്. ടി. പി. ചന്ദ്രശേഖരനെ കൊന്നതും മട്ടന്നൂരിലെ ഷുഹൈബിനെ കൊന്നതും അരിയിലിലെ ഷുക്കൂറിനെ കൊന്നതും തലശ്ശേരിയിലെ ഫസലിനെ കൊന്നതും കാസര്‍ഗോഡിലെ കൃപേഷിനെയും ശരത്ലാലിനെയും കൊന്നതും ആരാണ്? ഓരോ കൊലപാതകത്തിന്റെ പിന്നിലും സി.പി.ഐ.(എം)-ന്റെ കറുത്ത കൈകള്‍ ഉണ്ടായിരുന്നുവെന്നുള്ളത് വ്യക്തമായ കാര്യങ്ങളല്ലേ. നിങ്ങള്‍ ഇതുവരെ പഠിച്ചിട്ടില്ല, ജനങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിട്ടും നിങ്ങള്‍ പഠിക്കുന്നില്ല അക്രമ രാഷ്ട്രീയത്തില്‍നിന്നും നിങ്ങള്‍ മാറാന്‍ തയ്യാറാകുന്നില്ല എന്നുള്ളതുതന്നെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസംഗത്തില്‍നിന്ന് കാണാന്‍ കഴിയുന്നത്.


  ഇവിടുത്തെ ആര്‍.എസ്.എസ്.-ഉം ബി.ജെ.പി.-യും സി.പി.ഐ.(എം) ഉം ആയുധങ്ങള്‍ താഴെയിട്ടാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കില്ല. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം നടത്തുന്ന ആര്‍.എസ്.എസ്.-ഉം ബി.ജെ.പി.-യും  സി.പി.ഐ.(എം)-ഉം ഒരു ഭാഗത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് ഈ നാടിനെ കുരുതിക്കളമാക്കി മാറ്റാന്‍ ശ്രമിച്ച ഇന്നലെകളുടെ ചരിത്രം നമുക്കെല്ലാപേര്‍ക്കും അറിയാം.


  ഈ നാട്ടില്‍ പൈശാചികമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആ പൈശാചിക കൊലപാതകങ്ങളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് നടപടികള്‍ ഉണ്ടാകുന്നില്ല. പെരിയയിലെ കൊലപാതകത്തില്‍ വീട്ടുകാര്‍ ആവശ്യപ്പെടുന്നത് സി.ബി.ഐ. അന്വേഷണമാണ്. എന്തുകൊണ്ട് നിങ്ങള്‍ സി.ബി.ഐ. അന്വേഷണത്തെ ഭയപ്പെടുന്നു.  ആ വീട്ടുകാര്‍ ആവശ്യപ്പെടുന്നു എന്ന് കൃപേഷിന്റെ അച്ഛന്‍ പറയുന്നു. ശരത്ലാലിന്റെ അമ്മയും അച്ഛനും പറയുന്നു ഇത് സി.ബി.ഐ.ക്ക് വിട്ടുകൊടുക്കണം. ഷുഹൈബിന്റെ ഉപ്പ പറയുന്നത് ഇത് സി.ബി.ഐ.-ക്ക്  വിട്ടുകൊടുക്കണം.  കാരണം യഥാര്‍ത്ഥ പ്രതികളില്‍ പലരും രക്ഷപ്പെടുകയാണ്. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. ഇവിടെ കൃപേഷിന്റെയും ശരത്ലാലിന്റെയും കാര്യത്തില്‍ സാക്ഷികളായി വന്നിട്ടുള്ളതില്‍ ഒരു സാക്ഷി പീതാംബരന്റെ ഭാര്യയാണ്. ഈ കേസ് എങ്ങനെ തെളിയിക്കപ്പെടും? പോലീസ് സംഘത്തെ എത്രതവണ മാറ്റി.  ആദ്യം റഫീക്ക് എന്ന എസ്.പി.യുടെ ചുമതലയുണ്ടായിരുന്ന ആള്‍ മാറി,  രജ്ഞിത്ത് ആയിരുന്നു ഡിവൈ.എസ്.പി., അദ്ദേഹവും മാറി. ആദ്യത്തെ അന്വേഷണ സംഘത്തെ ആദ്യമേതന്നെ പിരിച്ചുവിട്ടു.  ക്രൈംബ്രാഞ്ചിന് കൊടുത്തു. ഇപ്പോഴും സാക്ഷിപ്പട്ടികയില്‍ വയ്ക്കുന്നത് പാര്‍ട്ടി പറയുന്ന ആളുകളായിമാറുന്നു. സി.ബി.ഐ. അന്വേഷണത്തെ എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നത്.  ഇത് സി.ബി.ഐ.-ക്ക് വിട്ടുകൊടുക്കുക. സി.ബി.ഐ. അന്വേഷിക്കട്ടെ.


  മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ എത്ര ഉദ്യോഗസ്ഥന്മാരുടെമേല്‍ നടപടിയെടുക്കുന്നു. 149പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. പ്രതിപക്ഷ നേതാവായ എനിക്കെതിരെ അസഭ്യം പറഞ്ഞ ഒരാളിന്റെ പോലും പേരില്‍ ഇത്രയുംനാളായി കേസെടുത്തില്ല, പരാതികൊടുത്തിട്ടുണ്ട്.  സ്പീക്കര്‍ക്കും   മന്ത്രിമാര്‍ക്കും  മറ്റുള്ളവര്‍ക്കുംനേരെ പോസ്റ്റിട്ടാല്‍  നടപടിയുണ്ടാകണം.  ആര്‍ക്കുനേരെയും നടപടിയില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ എത്ര പോസ്റ്റിട്ടു; പരാതി കൊടുത്താല്‍ പ്രയോജനമുണ്ടോ;


  കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ, കൊലപാതകത്തെയും അക്രമങ്ങളെയും നിയന്ത്രിക്കാന്‍ ബാദ്ധ്യസ്ഥനായ, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നീതിപൂര്‍വ്വമായി പെരുമാറിയാല്‍ ഇത്തരം സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയും. ഉന്നതന്‍മാരായ സി.പി.ഐ.(എം) നേതാക്കന്മാരുടെ പേരിലേയ്ക്ക് അന്വേഷണം നീങ്ങുമ്പോള്‍ കേസ് അവിടെ അവസാനിക്കും. കേസ് മുന്നോട്ട് പോകില്ല, അന്വേഷണ സംഘത്തെയും സാക്ഷിപ്പട്ടികയെയും മാറ്റും.

  പ്രോഗ്രസ് കാര്‍ഡുകള്‍ ഇറക്കുന്ന ആളുകള്‍ ഒരു കാര്യംകൂടി മനസ്സിലാക്കണം. 31 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ ഗവണ്‍മെന്റ് വന്നശേഷം കേരളത്തിലുണ്ടായി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നു ഒരു കുഴപ്പവുമില്ല,  നാട്ടില്‍ ക്രമസമാധാനം ഭദ്രം.


  ശ്രീജിത്തെന്ന ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അടിച്ചുകൊന്നിട്ട് വരാപ്പുഴയില്‍ അതിന് നേതൃത്വം കൊടുത്ത എ. വി. ജോര്‍ജ്ജിനെ ഡി.ഐ.ജി.യായി പ്രൊമോഷന്‍ കൊടുക്കുകയാണ്,  കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമനം കൊടുക്കുകയാണ്. പാവപ്പെട്ടവനായ  ഒരു മനുഷ്യന്റെ ജീവന് എന്ത് വിലയാണുള്ളത്? പോലീസ് സ്റ്റേഷനുകള്‍ കൊലക്കളമായി മാറിക്കൊണ്ടിരിക്കുന്നു.

  ബൂത്ത് ഏജന്റ് ഇരിക്കാത്തിടത്തും ഞങ്ങള്‍ക്കാണ് ഭൂരിപക്ഷം.  അത് എന്തുകൊണ്ടാണ്; നിങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ബൂത്ത് ഏജന്റ് ഇല്ലെങ്കിലും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്യുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.  നിങ്ങളുടെ കണ്ണുകള്‍ തുറക്കണം. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം.

  സി. ഒ. റ്റി. നസീറിന്റെ കാര്യത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടി അപര്യാപ്തമാണ്.  യഥാര്‍ത്ഥത്തിലുള്ള പ്രതികളെ കണ്ടെത്തണം. ശക്തമായ നടപടികള്‍ സ്വീകരിക്കണം.


  (നിയമസഭയില്‍  ചെയ്ത പ്രസംഗം)

  First published: