• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബ്രുവറി അഴിമതിക്കേസിൽ ഇ.പി ജയരാജൻ ഹാജരായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം': ചെന്നിത്തല

'ബ്രുവറി അഴിമതിക്കേസിൽ ഇ.പി ജയരാജൻ ഹാജരായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം': ചെന്നിത്തല

ബ്രുവറി ഡിസ്ലറി ഇടപാടിൽ വൻ അഴിമതി നടത്താനുള്ള നീക്കമാണു തൻ്റെ ഇടപെടലൂടെ പൊളിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

  • Last Updated :
  • Share this:
ബ്രൂവറി അഴിമതി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ തിരിച്ചടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി ഡിസ്ലറി കേസിൽ ചെന്നിത്തലയ്ക്ക് സാക്ഷിയാകാൻ താനില്ലെന്നായിരുന്നു ഇ പി ജയരാജൻ്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാൽ ജയരാജൻ ഹാജരായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കോടതിക്കറിയാമെന്നാണ് ചെന്നിത്തലയുടെ മറുപടി.കോടതി നോക്കിക്കോളും; ഇത് തന്നെ സംബന്ധിക്കുന്ന കാര്യമല്ല - ചെന്നിത്തല പറഞ്ഞു.

ബ്രുവറി ഡിസ്ലറി ഇടപാടിൽ വൻ അഴിമതി നടത്താനുള നീക്കമാണു തൻ്റെ ഇടപെടലൂടെ പൊളിഞ്ഞത്. ഇത് ശരി വെക്കുന്നതാണു വിജിലൻസ് കോടതിയുടെ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഊരും പേരുമില്ലാത്ത കമ്പനികൾക്ക് വ്യവസായ വകുപ്പ് ഭൂമി പതിച്ച് നൽകിയതിനു പിന്നിൽ അഴിമതി തന്നെയായിരുന്നു ലക്ഷ്യം. മന്ത്രിസഭാ തീരുമാനം പോലുമില്ലാതെയാണ് കിൻഫ്രയുടെ ഭൂമി അനുവദിച്ച് നൽകിയത്. അത് കൊണ്ടാണു വിജിലൻസ് കോടതിയിൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജനെയും കൃഷി മന്ത്രിയായിരുന്ന സുനിൽകുമാറിനേയും സാക്ഷികളാക്കിയത്.

പദ്ധതി ശരിയല്ലെന്ന് ആ ഘട്ടത്തിൽ തന്നെ സുനിൽ കുമാർ പറഞ്ഞതിനാലാണ് സാക്ഷിയാക്കാൻ ഹർജി നൽകിയത്. ഇവർ കോടതിയിൽ ഹാജരാകാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അക്കാര്യങ്ങൾ കോടതി നോക്കിക്കോളും. തനിക്ക് രേഖകൾ നൽകാൻ കഴിയില്ലെന്ന സർക്കാർ വാദം തള്ളിയത് പ്രഥമദൃഷ്ട്യാ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യമുള്ളത് കൊണ്ടാണ്. ഇക്കാര്യത്തിൻ പോരാട്ടം തുടരുക തന്നെ ചെയ്യും.99 സീറ്റുകിട്ടയതു കൊണ്ട് ഇനിയും അഴിമതി നടത്തുമെന്ന അഹങ്കാര ബുദ്ധിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ളതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.

താൻ ഉന്നയിച്ച അഴിമതികൾ ഒന്നൊന്നായി തെളിഞ്ഞു.സ്പ്രിംഗ്ളർ ഡേറ്റാ ചോർച്ചയിൽ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.സ്വപ്നയുടെ വെളിപ്പെടുത്തലോടെ വിൽപ്പനയുടെ വിവരങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു.ജനങ്ങളുടെ അനുമതിയില്ലാതെ ആരോഗ്യ വിവരങ്ങളടങ്ങിയ ഡേറ്റ വിൽക്കുകയായിരുന്നു.ജയ്ക്ക് ബാലകുമാറിൻ്റെ കാര്യം പിടി തോമസ് പറഞ്ഞതും മാത്യു കുഴൽ നാടൻ പറഞ്ഞതും നൂറു ശതമാനം ശരിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഐടി പാർക്കിൽ സ്വപ്നയ്ക്ക് ചെല്ലും ചെലവും കൊടുത്തത് ആരാണ്.സ്വപ്നയ്ക്ക് ചെല്ലും ചെലവും കൊടുത്തത് മുഖ്യമന്ത്രിയും ശിവശങ്കറുമാണെന്ന് എല്ലാപേർക്കും അറിയാം.ഷാജ് കിരൺ ജയ് ഹിന്ദിലെ ജീവനക്കാരനായിരുന്നു.ഷാജ് ജോലി ചെയ്യുന്ന സമയത്ത് താൻ ജയ്ഹിന്ദിൻ്റെ ചെയർമാനായിരുന്നു.തൻ്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ട്.ഷാജിനെ പിന്നീട് പിരിച്ചുവിട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്.ജയ്ഹിന്ദിൽ ജോലി ചെയ്യുന്ന എല്ലാവരും കോൺഗ്രസുകാരല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എ കെ ജി സെൻ്റർ ആക്രമണ കേസിലും ചെന്നിത്തലയുടെ പ്രതികരണമുണ്ടായി.കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരായിരുന്നു.സ്വാമി സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ചത് ആരാണ്.കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ പിടികൂടിയോ. ഇതിലെല്ലാം പ്രതികൾ ആരാണെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം. എകെജി സെൻ്റർ ബോംബേറിൽ ദുരൂഹതയുണ്ട്.ആദ്യം കോൺഗ്രസുകാരാണ് പ്രതികളെന്ന് ജയരാജൻ പറഞ്ഞു.ഇപ്പോൾ കോൺഗ്രസുകാരെന്ന് സംശയിക്കുന്നതായി പറയുന്നു.ഇനി കോൺഗ്രസുകാരല്ലെന്ന് പറയുമായിരിക്കും.ജയരാജൻ പറയുന്നതിന് എന്ത് വിലയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
Published by:Arun krishna
First published: