HOME » NEWS » Kerala » RAMESH CHENNITHALA WELCOMES ELECTION COMMISSION ACTION IN DUPLICATE VOTE ISSUES

ഇരട്ട വോട്ട്: 'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നു': രമേശ് ചെന്നിത്തല

ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല

News18 Malayalam | news18-malayalam
Updated: March 22, 2021, 7:44 PM IST
ഇരട്ട വോട്ട്: 'തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നു': രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷം. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കാസര്‍കോട്ടെ ഉദുമയില്‍ ഒരു വോട്ടര്‍ക്ക് അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട കാര്യം താന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍, 'അവര്‍ കോണ്‍ഗ്രസുകാരിയാണ്, രമേശ് ചെന്നിത്തല വെട്ടിലായി' എന്നാണ് ചില മാദ്ധ്യമങ്ങള്‍ പോലും പരിഹസിച്ചത്. മുഖ്യമന്ത്രിയും ആ പരിഹാസം ഏറ്റെടുത്തിരുന്നു. ആ പരാതി ശരിയാണെന്ന് തെളിയുകയും ഉത്തരവാദിയായ അസിസ്റ്റന്റ് ഇലക്ട്രറല്‍ ഓഫീസറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടാക്കുന്നതും കൃത്രിമം നടത്തുന്നതും ആ വോട്ടര്‍ അറിയാതെയാകാമെന്ന് തുടക്കം മുതല്‍ താന്‍ ചൂണ്ടികാണിച്ചതാണ്. അതും ശരിയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഭരണസംവിധാനം വഴിയാണ് ഈ ക്രമക്കേട് നടന്നത്. അത് ചൂണ്ടിക്കാട്ടിയതിന് പരിഹസിച്ചത് മുഖ്യമന്ത്രിയുടെ ജാള്യത മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Also Read- കളക്ടർമാരുടെ യോഗം വിളിച്ചത് അനുമതിയില്ലാതെ; തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പരാതി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 140 മണ്ഡലങ്ങളിലും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചെന്ന് ടിക്കാറാം മീണ പറഞ്ഞു.

‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ബോധപൂർവം ഇരട്ട വോട്ട് ചേർക്കുമെന്ന് കരുതുന്നില്ല. ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നങ്ങളാണ്. പലസ്ഥലങ്ങളിലും ബി എല്‍ ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസര്‍കോട് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.’- ടിക്കാറാം മീണ പറഞ്ഞു.

ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക ബൂത്തുകളിൽ നൽകുമെന്ന് ടിക്കാറാം മീണ അറിയിച്ചു.
വെബ് കാസ്റ്റിംഗും ഉണ്ടാകും. ഇരട്ട വോട്ടുകളുള്ളവർക്ക് ഒരു ബൂത്തിൽ മാത്രമെ വോട്ട് ചെയ്യാനാകു. 60,000 ഇരട്ട വോട്ട് ഈ വർഷം നേരത്തേ ഒഴിവാക്കിയിരുന്നു. 2019 ജനുവരി ഒന്നിന് 64 ലക്ഷം ഇരട്ട വോട്ട് ഉണ്ടായിരുന്നു. അത് ഒഴിവാക്കാനാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ്
പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
Published by: Anuraj GR
First published: March 22, 2021, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories