• HOME
 • »
 • NEWS
 • »
 • kerala
 • »
 • RAMESH CHENNITHALAS SEAT IN SECOND ROW MV GOVINDAN SECOND IN THE RULING PARTY

രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം രണ്ടാം നിരയിൽ; ഭരണപക്ഷത്ത് രണ്ടാമൻ എം.വി ഗോവിന്ദൻ

മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കും ഇരിപ്പിടം മുന്‍നിരയിലാണ്.

Pinarayi_Assembly

Pinarayi_Assembly

 • Share this:
  തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പതിന്നാലാം സഭയെ അപേക്ഷിച്ച് ഇത്തവണ അംഗങ്ങളുടെ സ്ഥാനങ്ങളിൽ കാര്യമായ മാറ്റമുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറി എന്നതാണ് ശ്രദ്ധേയം. ഭരണപക്ഷ നിരയില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് മന്ത്രിസഭയിലെ രണ്ടാമന്‍ എം വി ഗോവിന്ദനാണ്.

  മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കും ഇരിപ്പിടം മുന്‍നിരയിലാണ്. രണ്ടാം നിരയില്‍ പി രാജീവ്, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, ആര്‍ ബിന്ദു, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ചിഞ്ചു റാണി എന്നിവരാണ്. ആന്‍റണി രാജുവും വീണാ ജോര്‍ജും മൂന്നാം നിരയിലാണ്.

  പ്രതിപക്ഷ നിരയില്‍ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കറിനാണ്. രണ്ടാം സീറ്റില്‍ നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം സിപിഐ നിയമസഭാകക്ഷി നേതാവ് ഇ. പി ചന്ദ്രശേഖരന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് എന്നിവര്‍ക്കും മുന്‍നിരയില്‍ സീറ്റുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. മുന്‍ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും പിന്‍നിരയിലാണ്. ആര്‍എംപിയുടെ ഏക എംഎല്‍എ കെ കെ രമ പ്രത്യേക ബ്ലോക്കായി ഇരിക്കും.

  അതേസമയം എംഎൽഎമാരുടെ ഇരിപ്പിടം സംബന്ധിച്ച് ആദ്യദിവസങ്ങളിലെ താത്കാലിക ക്രമീകരണമാണ് ഇന്നത്തേത്. സ്പീക്കര്‍ ചുമതലയേറ്റ ശേഷം സ്ഥിരമായ ഇരിപ്പിടം അംഗങ്ങൾക്ക് ലഭ്യമാക്കും.

  നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെല്ലിയത്.  യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഇവർ പിന്നീട് ഒരു ദിവസം സ്പീക്കറുടെ ചേംബറിൽ എത്തി സത്യവാചകം ചൊല്ലും.

  വൻഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച ലഭിച്ചതോടെ പിണറായി വിജയൻ തന്നെയാണ് മുഖ്യമന്ത്രിയായി സർക്കാരിനെ നയിക്കുന്നത്. എന്നാൽ പ്രിതപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്.  140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്.

  നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം.

   ഈ മാസം 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.


  ഭരണത്തുടർച്ചയിലൂടെ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകൻ വിഡി സതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷതയാണ്. കഴിഞ്ഞ തവണ കേരള നിയമസഭയിൽ ആദ്യമായി സാന്നിധ്യമറിയിച്ച ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാതായി. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.

  തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. ചരിത്രത്തിൽ ആദ്യമായി ഐ.എൻ.എൽ പ്രതിനിധിയും ഇക്കുറി മന്ത്രിയായി. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.
  Published by:Anuraj GR
  First published:
  )}