തിരുവനന്തപുരം: ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ്, കേരളത്തില്‍ നിന്ന് ലോക്സഭയിലെത്തുന്ന രണ്ടാമത്തെ ദളിത് വനിതയാണ്. ലോക്സഭയിലെത്തുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് വനിതയുമാണ് രമ്യ ഹരിദാസ്. കേരളത്തില്‍ നിന്ന് ലോക്സഭയിലെത്തുന്ന ഒന്‍പതാമത്തെ വനിതയെന്ന ഖ്യാതിയും ഇനി രമ്യയുടെ പേരിലാണ്. നേരത്തെ 1971 ല്‍ അടൂരില്‍ നിന്ന് ലോക് സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പനാണ് കേരളത്തിലെ ആദ്യത്തെ ദളിത് വനിതാ എംപി.
ഇത്തവണ കേരളത്തില്‍ നിന്നും ലോക്സഭയിലെത്തുന്ന ഏക വനിത കൂടിയാണ് 32കാരിയായ രമ്യ. സിപിഎമ്മിലെ സിറ്റിങ് എംപി പി കെ ബിജുവിനെ ഒന്നരലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ തിളക്കമാര്‍ന്ന വിജയം നേടിയത്. ഇത്തവണ ലോക്സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളുടെ കൂട്ടത്തിലും രമ്യയുണ്ടാകും.
Also Read: 70 വർഷം, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് 8 വനിതകൾ
ഏഴ് പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ നിന്ന് ലോക്സഭയിലെത്തിയത് എട്ടുവനിതകള്‍ മാത്രമാണെന്ന് അറിയുമ്പോഴാണ് രമ്യയുടെ വിജയത്തിന്റെ മാധുര്യമേറുന്നത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം സാവിത്രി ലക്ഷ്മണ് മാത്രമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. പഴയ മുകുന്ദപുരം സീറ്റില്‍ 1989ലും 1991ലുമായിരുന്നു സാവിത്രി ലക്ഷ്മണന്റെ വിജയം. ഈ പട്ടികയിലേക്ക് കൂടിയാണ് രമ്യ നടന്നുകയറുന്നത്. ആകെയുള്ള എട്ടുപേരില്‍ അഞ്ചുപേരെയും വിജയിപ്പിച്ച് ലോക്സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും.
1971ല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടിയപ്പോഴായിരുന്നു ഭാര്‍ഗവി തങ്കപ്പന് ലോക്സഭയിലെത്തിയത്. അന്ന് അടൂരില്‍ 1,08,897 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐയിലെ കെ ഭാര്‍ഗവി എന്ന ഭാര്‍ഗവി തങ്കപ്പന് സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ തോല്‍പ്പിച്ചത്. സിപിഐയും കോണ്‍ഗ്രസും ഒരേ മുന്നണിയിലായതിനാല്‍ ഭാര്‍ഗവി തങ്കപ്പനെ ലോക്സഭയിലേക്ക് അയച്ചതിന്റെ പെരുമ കോണ്‍ഗ്രസിനും അവകാശപ്പെടാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.