പാലക്കാട്: സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ എം പി രമ്യഹരിദാസിൻറെ പരാതിയിൽ ആലത്തൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി.
2019 മാർച്ച് 30, ഏപ്രിൽ ഒന്ന് തിയ്യതികളിൽ എ വിജയരാഘവൻ നടത്തിയ പ്രസംഗത്തിൽ രമ്യക്കെതിരെ നടത്തിയ പരാമർശമാണ് പരാതിക്ക് കാരണം. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായിരുന്നത്.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ വന്നതോടെ ആലത്തൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. വിജയരാഘവനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി – പട്ടികവർഗ സംരക്ഷണ നിയമം എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. രമ്യ ഹരിദാസിൻറെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷി വിസ്താരത്തിനായി ജനുവരി 28 ന് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.