ഇന്റർഫേസ് /വാർത്ത /Kerala / റാങ്ക്‌ലിസ്റ്റ് നടപടിക്രമങ്ങള്‍ നിയമപ്രകാരമാണ് നടപ്പിലാക്കുന്നത് : വിശദീകരണവുമായി പി.എസ് .സി

റാങ്ക്‌ലിസ്റ്റ് നടപടിക്രമങ്ങള്‍ നിയമപ്രകാരമാണ് നടപ്പിലാക്കുന്നത് : വിശദീകരണവുമായി പി.എസ് .സി

പി.എസ്.സി

പി.എസ്.സി

പി.എസ്.സിയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് പി.എസ് .സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു

  • Share this:

എല്‍.ജി.എസ്, എല്‍.ഡി.സി, വനിതാ സിവില്‍ പോലീസ് അടക്കം 493 തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ബുധനാഴ്ച അവസാനിക്കുകയാണ്. എന്നാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കാലാവധി നീട്ടണമെന്ന ആവശ്യം പ്രതിപക്ഷം നിയമസഭയില്‍ ശക്തമായി അവതരിപ്പിച്ചെങ്കിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

സെക്രട്ടേറിയേറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം അടക്കം നിരവധി വിഷയങ്ങള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി പി.എസ്.സി രംഗത്തെത്തിയിരിക്കുന്നത്. പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നടപടിക്രമങ്ങള്‍ നിയമപ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് പി.എസ്.സി വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് കാലാവധി സംബന്ധിച്ചുള്ള  നടപടിക്രമങ്ങള്‍ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും പി.എസ് .സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു.

നീട്ടിയ കാലാവധി അവസാനിക്കുന്ന എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് വീണ്ടും നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ശ്രദ്ധേയമാണ്. ഒരു റാങ്ക് ലിസ്റ്റ് സാധാരണ കാലാവധി കഴിഞ്ഞ് നീട്ടുന്ന കാര്യത്തില്‍ പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസീജിയര്‍ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച് കൃത്യമായ മാനദണ്ഡം നിര്‍വചിക്കുന്നുണ്ട്. അത് പ്രകാരം സാധാരണ കാലാവധിക്കുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണമോ നിയമനനിരോധനം നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാം. ഇത് പ്രകാരംകോവിഡ് സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി ഈ മാസം നാല് വരെയാണ് നീട്ടിയിരിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഈ കാലയളവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കാലാവധി നീട്ടിയ ശേഷം പി.എസ്.സി യില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളും നിയമന ശുപാര്‍ശകളും ഇതിനു തെളിവാണ്. എല്‍.ജി.എസ് എല്‍.ഡി.സി അടക്കമുള്ള പ്രധാന തസ്തികകളുടെ മുഖ്യ പരീക്ഷകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പുതിയ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമത്തിലാണ് പി.എസ്.സി. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി കാരണമാണ് നടപടികള്‍ വൈകിയത്. ഈ സാഹചര്യത്തില്‍ വീണ്ടും റാങ്ക് ലിസ്റ്റ് നീട്ടുന്നത് നീതിയല്ല. ഉദ്യോഗാര്‍ത്ഥികള്‍ എന്ന് പറയുന്നത് നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രമല്ല ഭാവിയിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കൂടിയാണ്.

എല്ലാവര്‍ക്കും തുല്യ നീതിയും അവസരങ്ങളും ഉറപ്പാക്കേണ്ടതാണെന്നും മതിയായ കാരണങ്ങളില്ലാതെ അനിശ്ചിതമായി റാങ്ക് ലിസ്റ്റുകള്‍ നീട്ടുന്നത് പി.എസ്.സിയുടെ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുക മാത്രമല്ല തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നും പി.എസ്.സി വ്യക്തമാക്കി. റാങ്ക് ലിസ്റ്റുകള്‍ക്ക് നിശ്ചിത കാലാവധി ഉണ്ടാവുകയും ഒഴിവുകള്‍ കൃത്യമായ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്.

കൃത്യമായ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു പ്രവര്‍ത്തിക്കുന്ന പി.എസ്.സിയെ സംബന്ധിച്ച് കേരള ഹൈക്കോടതി വിധി വലിയ പിന്തുണയാണെന്നും പി.എസ്.സി വ്യക്തമാക്കി. പി.എസ്.സിയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് പി.എസ് .സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. അതേസമയം എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചുവെങ്കിലും നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നു പറഞ്ഞു.

]

First published:

Tags: Kerala high court, Kerala PSC