• HOME
 • »
 • NEWS
 • »
 • kerala
 • »
 • അവരെ കയ്യിൽ കിട്ടിയാൽ! ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനെതിരെ രോഷത്തോടെ റാന്നിക്കാരുടെ ഓഡിയോ വൈറൽ

അവരെ കയ്യിൽ കിട്ടിയാൽ! ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനെതിരെ രോഷത്തോടെ റാന്നിക്കാരുടെ ഓഡിയോ വൈറൽ

ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേരുടെ അനാസ്ഥ കാരണം കേരളം ഇപ്പോൾ കടുത്ത ജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിയറ്ററുകൾ അടച്ചിട്ടു. ഉത്സവങ്ങളും പെരുന്നാളുകളും ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് നിർദ്ദേശം.

Coronavirus-India

Coronavirus-India

 • News18
 • Last Updated :
 • Share this:
  കൊറോണ പടർന്നുപിടിച്ച ഇറ്റലിയിൽ നിന്ന് കേരളത്തിൽ എത്തുകയും അക്കാര്യം മറച്ചുവെയ്ക്കുകയും ചെയ്ത റാന്നിയിലെ മൂന്നംഗ കുടുംബത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റാന്നി സ്വദേശികളുടേതെന്ന പേരിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങളിൽ ഇവരോടുള്ള തികഞ്ഞ അമർഷമാണ്. നാട്ടിലെത്തിയതിനു ശേഷമുള്ള ദിവസങ്ങളിൽ 3000 പേരെയെങ്കിലും കണ്ടിട്ടുണ്ടെന്ന് ഇവർ പറഞ്ഞിരുന്നു. ഇതിലും പ്രതിഷേധം ശക്തമാണ്.

  ഇപ്പോൾ കേരളത്തിൽ രോഗം സ്ഥിരീകരിച്ച 12 പേരിൽ പതിനൊന്ന് പേരും ഇറ്റലിയിൽ നിന്നെത്തിയ  റാന്നി സ്വദേശികളുമായി ബന്ധപ്പെട്ടവരാണ്. ഇറ്റലിയിൽ നിന്നു വന്ന കാര്യം ഇവർ മറച്ചുവെച്ചെന്നും ഒരു സമൂഹത്തിനോട് മൊത്തമായി അവർ വലിയ ദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും ഓഡിയോ ക്ലിപ്പുകളിൽ റാന്നിക്കാർ പറയുന്നു.

  സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ, ജോലിക്ക് പോകുന്നവർ എന്നിവരെയെല്ലാം ഇത് ബാധിച്ചിരിക്കുകയാണ്. പ്രദേശത്ത് കടകൾ അടച്ചിട്ടിരിക്കുകയാണ്. പ്രളയത്തിൽ നിന്ന് കര കയറി വന്നപ്പോഴേക്കുമാണ് അടുത്ത പ്രളയം പോലെ ഇത് വന്നിരിക്കുന്നതെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു. മിക്ക ഓഡിയോ ക്ലിപ്പുകളിലും പുറത്തു പറയാൻ കഴിയാത്ത തരത്തിലുള്ള തെറിയാണ് ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനെതിരെയുള്ളത്.

  You may also like:കോവിഡ് 19: സംസ്ഥാനത്തെ സ്കൂൾ അവധി ഇങ്ങനെ [NEWS]Corona Virus: പുതിയതായി കണ്ടെത്തിയതിൽ ആറുപേർക്കും കോവിഡ് 19 പിടിപെട്ടത് ഇറ്റലിയിൽനിന്ന് വന്നവരിലൂടെ [NEWS]കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യ; സിന്ധ്യയെ പുറത്താക്കി കോൺഗ്രസ് [NEWS]

  ഇറ്റലിയിൽ നിന്ന് എത്തിയവർ അസുഖബാധിതരായതല്ല ഒരിക്കലും റാന്നിക്കാരെ പ്രകോപിതരാക്കുന്നത്. അവർ, ഇറ്റലിയിൽ നിന്നു വന്ന കാര്യം വിമാനത്താവളത്തിൽ ഉൾപ്പെടെ മറച്ചുവെച്ചതും ആളുകളുടെ മുമ്പിൽ നിന്ന് മറച്ചു വെച്ചു എന്നതുമാണ്. റാന്നിയിൽ നിന്നുള്ള ഒരു സ്ത്രീയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വിമാനത്താവളത്തിൽ തങ്ങൾ ദോഹയിൽ നിന്നാണ് വരുന്നതെന്നാണ് അറിയിച്ചത്. രോഗം പടർന്നുപിടിച്ച ഇറ്റിലിയിൽ നിന്നാണ് വരുന്നതെന്ന കാര്യം ഇവർ മറച്ചുവെച്ചു. ഇത് തന്നെയാണ് ജനങ്ങളെ കടുത്ത അമർഷത്തിലാക്കുന്നതും.  ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇറ്റലിയിൽ നിന്നു വന്ന കാര്യം മറച്ചുവെച്ച കുടുംബത്തിനെതിരെ ട്രോൾ പെരുമഴ തന്നെ ഉണ്ടായിരുന്നു. മൂന്നു പേർ അവധി ആഘോഷിക്കാൻ ഇറ്റലിയിൽ നിന്നെത്തിയപ്പോൾ നാട്ടുകാർക്കെല്ലാം അവധി കിട്ടിയെന്നാണ് ഏറ്റവും പുതിയ ട്രോൾ. അതേസമയം, റാന്നിക്കാരനാണെന്ന് പറഞ്ഞാൽ ട്രാഫിക് പൊലീസ് പോലും പരിശോധിക്കില്ലെന്നും കാര്യങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും ഓഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ട്.

  സംസ്ഥാനത്ത് ഇന്ന് പുതിയതായി ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി അടുത്തിടപഴകിയവരിലാണ് എന്നത് ആശങ്ക പരത്തുന്നതാണ്.  ഇറ്റലിയിൽ നിന്ന് വന്ന മൂന്നംഗ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടു പേരിലുമാണ് കഴിഞ്ഞദിവസം വരെ രോഗം സ്ഥിരീകരിച്ചിരുന്നത്. കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് സൂചന. ഇവരുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

  എന്നാൽ, ഇറ്റലിയിൽ നിന്ന് വന്നവരുടെ കുടുംബത്തിലെ പ്രായമായ മാതാപിതാക്കളാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ടുപേർ.

  ഇറ്റലിയിൽ നിന്ന് എത്തിയവരെ നെടുമ്പാശേരിയിൽ എത്തിച്ച് കൂട്ടിക്കൊണ്ടുവന്ന മകളിലും മരുമകനിലും രോഗം സ്ഥിരീകരിച്ചു. ഇതു കൂടാതെ ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബം സന്ദർശിച്ച മറ്റൊരു വീട്ടിലുള്ള രണ്ടു പേരെയും രോഗം ബാധിച്ചു.

  ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേരുടെ അനാസ്ഥ കാരണം കേരളം ഇപ്പോൾ കടുത്ത ജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിയറ്ററുകൾ അടച്ചിട്ടു. ഉത്സവങ്ങളും പെരുന്നാളുകളും ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് നിർദ്ദേശം. റാന്നി ഉൾപ്പെടെ പത്തനംതിട്ടയുടെ പല സ്ഥലങ്ങളിലും കടകൾ അടഞ്ഞു കിടക്കുകയാണ്. വിവാഹം ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ നിർദ്ദേശിച്ചു. പി എസ് സി പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്.
  Published by:Joys Joy
  First published: