HOME » NEWS » Kerala » RAPID PCR FACILITY OPENED IN NEDUMBASSERY INTERNATIONAL AIRPORT MM TV

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: July 1, 2021, 7:23 PM IST
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
നെടുമ്പാശ്ശേരിയിലെ പുതിയ സംവിധാനം
  • Share this:
കൊച്ചി: ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജൂണ്‍ 19 ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിർദ്ദേശ പ്രകാരം ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.

പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കുറിനുള്ള് തൊട്ടുമുമ്പെടുത്ത റാപിഡ്-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്, രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ട്. ദുബായില്‍ എത്തുന്ന യാത്രക്കാര്‍ വീണ്ടും ആര്‍ടിപിസിആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലിരിക്കുകയും വേണം.

ഇന്ന് സ്ഥാപിക്കപ്പെട്ട റാപിഡ് പിസിആര്‍ കേന്ദ്രത്തിന് പുറമെ സിയാലില്‍ അന്താരാഷ്ട-ആഭ്യന്തര അറൈവല്‍ ഭാഗത്ത് മൂന്ന് ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ടെര്‍മിനല്‍-മൂന്നിലെ പുറപ്പെടല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പിസിആര്‍ കേന്ദ്രം സന്ദര്‍ശിച്ചു സന്നാഹങ്ങള്‍ വിലയിരുത്തി.അതേസമയം രണ്ട് ജില്ലകളിൽ നിന്ന് 4203 രോഗികൾക്ക് ആശ്വാസമേകിയ സിയാൽ കോവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺവെൻഷൻ സെന്ററിൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തിവന്നിരുന്ന കോവിഡ് രണ്ടാം ലെവൽ ചികിത്സാകേന്ദ്രമാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

ആശുപത്രിയിൽ ചികിത്സ വേണ്ടിവരുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള താൽക്കാലിക ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. മുപ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള സിയാൽ കൺവെൻഷൻ സെന്ററിൽ 2020 ജൂലായിലാണ് കോവിഡ് ഒന്നാം ലവൽ ചികിത്സാകേന്ദ്രം തുടങ്ങിയത്. നവംബർ മുതൽ കൂടുതൽ സൗകര്യങ്ങളോടെ രണ്ടാം ലവൽ ചികിത്സാകേന്ദ്രമായി മാറി.

250 രോഗികളെ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. 150 പേർക്ക് ഒരേസമയം  ഓക്‌സിജൻ നൽകാൻ ശേഷിയുള്ള പ്ലാന്റും സജ്ജമാക്കിയിരുന്നു. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നായി 4203 പേർ ഇതുവരെ ഇവിടെ കിടത്തിച്ചികിത്സ നേടി.  30 ഡോക്ടർമാർ ഉൾപ്പെടെ അഞ്ഞൂറോളം ആരോഗ്യമേഖലാ ജീവനക്കാർ ഇവിടെ പ്രവർത്തിച്ചിരുന്നു.

സിയാൽ കൺവെൻഷൻ സെന്ററിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചതോടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനായി. വെള്ളം, വൈദ്യുതി ഉൾപ്പെടുള്ളവയെല്ലാം സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സിയാൽ സൗജന്യമായി നൽകി. ചികിത്സ അവസാനിച്ചതോടെ കൺവെൻഷൻ സെന്റർ ഏറ്റെടുക്കാൻ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് നിർദേശം നൽകിയിരുന്നു.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കു ശേഷം സിയാൽ കൺവെൻഷൻ സെന്റർ, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താൻ തുറന്നു നൽകും. ദേശീയ ആരോഗ്യ മിഷൻ പ്രോജക്ട് മാനേജർ ഡോ: മാത്യൂസ് നുമ്പെല്ലി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന് കൺവെൻഷൻ സെന്ററിന്റെ താക്കോൽ കൈമാറി.
Published by: user_57
First published: July 1, 2021, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories