ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് അഞ്ചെണ്ണം; അപൂര്‍വ റെക്കോഡുമായി കേരളം

അഞ്ചിടത്ത് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കേരള ചരിത്രത്തിൽ ഇതാദ്യമായാണ്. കേരളത്തിലെ നിമയസഭ ഉപതെരഞ്ഞെടുപ്പുകളിലെ പ്രത്യേകതയെക്കുറിച്ച് ന്യൂസ് 18 കേരളം എഡിറ്റർ രാജീവ് ദേവരാജ് എഴുതുന്നു...

news18-malayalam
Updated: September 21, 2019, 10:10 PM IST
ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് അഞ്ചെണ്ണം; അപൂര്‍വ റെക്കോഡുമായി കേരളം
ഫയൽ ചിത്രം
  • Share this:
രാജീവ് ദേവരാജ്- എഡിറ്റർ, ന്യൂസ്18 കേരളം

തെക്ക് വട്ടിയൂര്‍ക്കാവ് തൊട്ട് വടക്കേയറ്റത്തെ മഞ്ചേശ്വരം വരെ പ്രാദേശിക, സാമൂഹിക, രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉള്ള മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ട്രെന്റ് സെറ്ററാകും പാലാ ഫലം.

ഇതാദ്യമായാണ് കേരളത്തില്‍ അഞ്ച് മണ്ഡലത്തില്‍ ഒന്നിച്ച് ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. സാങ്കേതികമായി ഇത് ഉപതെരഞ്ഞെടുപ്പാണെങ്കിലും നേതാക്കള്‍ തര്‍ക്കിച്ചും പ്രചാരണം നടത്തിയും ഒരു മിനി തെരഞ്ഞെടുപ്പ് ആക്കും.

ഒന്നിലേറെ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് മറ്റൊരു ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതും കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരു അപൂര്‍വതയാണ്.

വഴി മാറുന്നത് 40 വര്‍ഷത്തെ ചരിത്രം

ഒന്നിച്ച് നാലു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നതായിരുന്നു ഇതുവരെയുളള റെക്കോഡ്. 1979ലായിരുന്നു അത്. അന്ന് കാസര്‍കോട്, തലശേരി, തിരുവല്ല, പാറശാല മണ്ഡലങ്ങളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. നാലും സിപിഎം നേതൃത്വത്തിലുള്ള മുന്നണി ജയിച്ചു.
അന്ന് കോണ്‍ഗ്രസി (ഐ)ന്റെ കൂടെ മുസ്ലീംലീഗുമില്ല, സിപിഎമ്മിനൊപ്പം സിപിഐയുമില്ല.

മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് വന്നത് മൂന്ന് തവണ

1985ല്‍ ഉദുമ, പെരിങ്ങളം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും 1998ല്‍ മാള, വൈക്കം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലും 2009ല്‍ എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളിലുമായിരുന്നു ആ ഉപതിരഞ്ഞെടുപ്പുകള്‍.

ഉപതെരഞ്ഞെടുപ്പ്; അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യത; ആരാവും കോൺഗ്രസ് സ്ഥാനാർഥികൾ?

ചരിത്രത്തിന്റെ ആനുകൂല്യം ആര്‍ക്ക് ?

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഒന്നിലധികം മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ രണ്ടു തവണയുണ്ടായിട്ടുണ്ട്. മൂന്നിടത്തേക്ക്. 1985ല്‍ ആയിരുന്നു ആദ്യത്തേത്. മൂന്നിടത്തും ഇടതുമുന്നണി നേടി. 1984ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടശേഷമായിരുന്നു ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റും വിജയിച്ചത്. 2009ല്‍ ലോക്സഭയിലേക്ക് മൂന്ന് എംഎല്‍എമാര്‍ തെരഞ്ഞെടുക്കപ്പട്ടതിനു ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റും നേടിയത് യുഡിഎഫ്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലങ്ങളായിരുന്നു.

1985നും 2009നും തമ്മിലെന്ത്?

ഇതിനപ്പുറം 1985നും 2009നും ഒരു പൊതുസ്വഭാവമുണ്ട്. സംസ്ഥാനത്തെ നിലവിലുള്ള ഭരണത്തിനെതിരായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം. 1985ല്‍ കെ കരുണാകരന്‍ സര്‍ക്കാരും 2009ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരുമായിരുന്നു അധികാരത്തില്‍. ചുരുക്കത്തില്‍ ലോക്സഭാ ഫലത്തിനപ്പുറം സംസ്ഥാന ഭരണമായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലത്തെ തീരുമാനിക്കുക.
First published: September 21, 2019, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading