കോട്ടയം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി വിശദീകരണം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് പാലായിൽ നിന്ന് സുരേഷ് ഗോപിയുടെ വാക്കുകൾ സന്തോഷം പകർന്നു എന്നുപറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥൻ രംഗത്തുവന്നത്. പാലാ സിഐ തോംസൺ ആണ് ഇന്നലെ ഉണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
പാലാ ബിഷപ്പ് ഹൗസിൽ മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. രാവിലെ ബിഷപ്പ് ഹൗസിൽ എത്തിയപ്പോൾ തന്നെ സി ഐ തോംസൺ സുരേഷ് ഗോപിക്ക് സല്യൂട്ട് അർപ്പിച്ചു. തുടർന്ന് നാളികേര വികസന ബോർഡിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി പോയത്. മുത്തോലിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ സുരേഷ് ഗോപി എത്തിയപ്പോഴും സി ഐ തോംസൺ സ്വീകരിക്കാൻ മുന്നിലുണ്ട്. വാഹനത്തിൽ നിന്നിറങ്ങി സുരേഷ് ഗോപി മുന്നോട്ട് എത്തിയപ്പോൾ സിഐ തോംസന്റെ വക വീണ്ടും സല്യൂട്ട്.
ഇതിനുശേഷമാണ് ഒരു രഹസ്യ സംഭാഷണം നടന്നത്. രണ്ടാം തവണയും തന്നെ സല്യൂട്ട് ചെയ്ത സിഐ തോംസണെ അടുത്തുവിളിച്ച് സുരേഷ് ഗോപി ചെവിയിൽ എന്തോ പറഞ്ഞു. സുരേഷ് ഗോപി ചെവിയിൽ പറഞ്ഞത് തലയാട്ടി കേൾക്കുന്ന തോംസന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് സുരേഷ് ഗോപിയും തോംസണും പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല.
Also Read-
Suresh Gopi | ഇത്തവണ ചോദിക്കാതെ സല്യൂട്ട്; സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത് എസ്ഐ
എന്താണ് രഹസ്യം എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് തോംസണോട് ചോദിച്ചു. എന്നാൽ ഉന്നത പദവിയിലുള്ള ജനപ്രതിനിധി തന്നോട് ചെവിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തു പറയില്ല എന്നായിരുന്നു തോംസന്റെ നിലപാട്. പക്ഷേ ഇത്രയും കൂടി തോംസൺ കൂട്ടിച്ചേർക്കുന്നു. 'അദ്ദേഹം ചെവിയിൽ പറഞ്ഞ കാര്യങ്ങളിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആ രഹസ്യം എന്നോട് കൂടെ ഇരിക്കട്ടെ'.
ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഈ ദൃശ്യങ്ങൾ വൈറലാണ്. സുരേഷ്ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ സജീവമാണ്. സുരേഷ് ഗോപിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥർ നിൽക്കുന്ന സെൽഫി ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിൽ മുൻമന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെബി ഗണേഷ് കുമാർ ഇന്നലെ സുരേഷ് ഗോപിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ജനപ്രതിനിധികൾക്ക് കൊടുക്കുന്ന ബഹുമാനമാണ് സല്യൂട്ട് എന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. സുരേഷ് ഗോപി എന്ന വ്യക്തിയേയോ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ അല്ല നോക്കേണ്ടത്. ഇദ്ദേഹം ഇന്ത്യൻ പാർലമെന്റിലെ ഒരു ജനപ്രതിനിധിയാണ് എന്ന് ഗണേഷ് കുമാർ പറഞ്ഞു.
Also Read-
സല്യൂട്ട് വിവാദം: സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് സല്യൂട്ട് നൽകി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം
തൃശ്ശൂരിൽ വച്ചാണ് പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി സല്യൂട്ട് അടുപ്പിച്ചത്. ഈ വിവാദത്തിലാണ് തുറന്ന പ്രതികരണവുമായി സുരേഷ് ഗോപി ഇന്നലെ മാധ്യമങ്ങളെ കണ്ടത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ നിർത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ജനപ്രതിനിധികൾക്ക് സല്യൂട്ട് അടിക്കേണ്ട എന്ന് ഡിജിപി പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെയെങ്കിൽ ഡിജിപിയുടെ സർക്കുലർ കാണിക്കട്ടെ എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
പോലീസ് അസോസിയേഷൻ രാഷ്ട്രീയം കാണിക്കുന്നു എന്നായിരുന്നു ഈ കാര്യത്തിൽ സുരേഷ് ഗോപിയുടെ മറുപടി. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയം അംഗീകരിക്കാനാവില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.