• HOME
 • »
 • NEWS
 • »
 • kerala
 • »
 • എന്തുകൊണ്ട് രണ്ടാമത്തെ സീറ്റ്? പിജെ ജോസഫിന് മുന്നില്‍ പത്ത് കാരണങ്ങള്‍

എന്തുകൊണ്ട് രണ്ടാമത്തെ സീറ്റ്? പിജെ ജോസഫിന് മുന്നില്‍ പത്ത് കാരണങ്ങള്‍

kerala congress

kerala congress

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: ലോക്‌സഭ സീറ്റെന്ന ആവശ്യത്തിലേക്കെത്താന്‍ പി.ജെ ജോസഫിനെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ളത്. സീറ്റിന്റെ പേരില്‍ കലാപക്കൊടി ഉയര്‍ത്താന്‍ ജോസഫിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇങ്ങനെ;

  1 അഞ്ച് ജില്ലകളിലെ സാന്നിധ്യം

  ഇടുക്കി, കോട്ടയം, എറണാകുളം,തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് വിഭാഗങ്ങളിൽ ശക്തമായ അടിത്തറയുണ്ട്.

  2. അനുയായികൾ ഇടതു മുന്നണിയില്‍

  മാണി വിഭാഗത്തിൽ നിന്നും കലാപക്കൊടി ഉയർത്തി ജോസഫിന്റെ വിശ്വസ്തരും അടുപ്പക്കാരുമൊക്കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. അവർ എല്‍.ഡി.എഫിലെ ഘടകകക്ഷിയായതോടെ ജോസെഫിനൊപ്പമുള്ള മാണി വിരുദ്ധരായ അണികൾക്ക് പ്രതീക്ഷയായി.

  3 അണികള്‍ കൊഴിയുന്നു

  നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ അപ്രസക്തമായെങ്കിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലെ ഘടകകക്ഷിയായതിനു പിന്നാലെ പ്രദേശിക നേതാക്കളും ജോസഫിനെ വിട്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയിലേക്ക് ചേക്കേറുകയാണ്.

  4 യു.ഡി.എഫിനെക്കാള്‍ പരിചയം എല്‍.ഡി.എഫ്

  മുന്നണികള്‍ മാറി അധികാരത്തിനൊപ്പം നില്‍ക്കുന്നതാണ് കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഘടനയെങ്കിലും പി.ജെ ജോസഫ് കാൽ നൂറ്റാണ്ടോളം ഉറച്ചു നിന്നതും ഇടതു മുന്നണിക്കൊപ്പമായിരുന്നു.അടുത്തകാലം വരെ ഇടതു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പരിചയവും ആത്മവിശ്വാസവുമാണ് ജോസഫിന്റെ അണികളെ ഇടതു മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

  5 പഴയ പ്രതാപം

  1984-ല്‍ യു.ഡി.എഫിനൊപ്പമായിരുന്നു  ജോസഫും മാണിയും. രണ്ടു സീറ്റ് ജോസഫിനും ഒരെണ്ണം മാണിക്കും. മുവാറ്റുപുഴ, മുകുന്ദപുരം മണ്ഡലങ്ങളിൽ ജോസഫ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ കോട്ടയത്ത് മാണി സ്ഥാനാർഥി ഇന്ദിര തരംഗത്തിലും പരാജയപ്പെട്ടു . പിന്നീട് ലയനശേഷം മൂവാറ്റുപുഴ മാണിക്ക് കിട്ടി. മൂവാറ്റുപുഴ പോയപ്പോൾ പകരം കോട്ടയം മാണിക്ക് കിട്ടി. മൂവാറ്റുപുഴയ്ക്ക് വേണ്ടി പോരടിച്ചാണ് ജോസഫ് അന്ന് യു ഡി എഫ് വിട്ടത്.

  6  ലോക്സഭാ എന്ന ബാലികേറാമല

  രണ്ട് തവണയാണ് ജോസഫ് ലോക്സഭയിലേക്ക് പൊരുതിയത്. 89 ൽ ഒരു മുന്നണിയിലും പെടാതെ ഒറ്റക്ക് മൂവാറ്റുപുഴയിൽ നിന്നും, 91ൽ  ഇടതു സ്ഥാനാർത്ഥിയായി ഇടുക്കിയിൽ നിന്നും. ഈ രണ്ട് തവണയും നിരാശയായിരുന്നു ഫലം. അത് മാറ്റണം എന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്

  7 കേന്ദ്രത്തിൽ ഒരു കസേര

  ലോക്‌സഭയിലെത്തിയാൽ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിയാകാമെന്ന പ്രതീക്ഷയും ജോസഫിനുണ്ട്.

  8 ജോസ് കെ. മാണി

  ലയനശേഷം കേരള കോണ്‍ഗ്രസില്‍ രണ്ടാമനായിരുന്നു പി.ജെ ജോസഫ്. നേതാവായി മാണിക്കു പകരം ജോസ് കെ. മാണിയെ അംഗീകരിക്കേണ്ട കാലം വിദൂരമല്ലെന്നും പി.ജെയ്ക്ക് നന്നായി അറിയാം. ജോസഫ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോൾ ജനിച്ചിട്ടില്ലാത്ത ഒരാളെ നേതാവായി അംഗീകരിക്കാന്‍ ജോസഫിന്റെ അണികൾ തയാറുമല്ല.

  9 ഉറച്ച തട്ടകങ്ങൾ

  സീറ്റ് ആവശ്യമുയര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫ് വിട്ടുപോകാന്‍ ജോസഫ് തയാറാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷത്തിലാണ് തൊടുപുഴയില്‍ പി.ജെ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. ജോസഫിന്റെ വിശ്വസ്തനായ മോന്‍സ് ജോസഫും കടുത്തുരുത്തിയില്‍ മികച്ച ഭൂരിപക്ഷമായിരുന്നു. ഇനി എം എൽ എ സ്ഥാനം രാജി വെച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാനും ഇത് ആത്മവിശ്വാസമാകും .

  10  ആരും അന്യരല്ല

  മാണിക്കെതിരെ പി.സി ജോര്‍ജുമായി പോലും വേദി പങ്കിടാൻ പോലും നിലവിലെ സാഹചര്യത്തില്‍ ജോസഫ് തയാറായി. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉപവാസത്തില്‍ ജോര്‍ജിനെ പങ്കെടുപ്പിച്ചതും.

  Also Read ലോക്‌സഭ: രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം കേരള നേതാക്കളെ കുഴയ്ക്കുമോ?

  First published: