തൃശൂർ: സോഫ്ടുവെയർ എൻജിനീയർമാരായ മലയാളികളെ ബെംഗലുരുവിലെ ചിന്തന മഡിവാള വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. മാള കുണ്ടൂര്‍ ആലമിറ്റം സ്വദേശി ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകളായ ശ്രീലക്ഷ്മി (20), പാലക്കാട് മണ്ണാര്‍ക്കാട് അഗളി സ്വദേശി മോഹനന്റെ മകന് അഭിജിത്ത് (25) എന്നിവരുടെ മൃതദേഹങ്ങളാണ് വനത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു പൊലീസിന് അടുത്ത ദിവസം പരാതി നല്‍കുമെന്ന് ശ്രീലക്ഷ്മിയുടെ കുടുംബം അറിയിച്ചു. ഒരേ സ്ഥാപനത്തിലെ ജീവനക്കാരായ ഇവർക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് അഭിജിതിന്റെ പിതാവ് മോഹൻദാസ് പറഞ്ഞു.
ഒക്ടോബര്‍ 11ന് വൈകിട്ട് ആറിനു ശേഷമാണ് ഇരുവരും ജോലി കഴിഞ്ഞ് ഒരുമിച്ചിറങ്ങിയത്. ഫോണില്‍ ശ്രീലക്ഷ്മിയെ കിട്ടാതിരുന്നതിനെതുടര്‍ന്ന് ഒക്ടോബര്‍ 14ന് അമ്മാവനായ അഭിലാഷ് പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. കഴിഞ്ഞ 29ന് മൃതദേഹങ്ങള്‍ വനത്തില്‍ നിന്നു കണ്ടെത്തിയതോടെ കേസ് ഹെബ്ബഗോഡി പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
മരിച്ച ശ്രീലക്ഷ്മിയും അഭിജിത്തും പ്രണയത്തിലായിരുന്നെന്നും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്നുള്ള ബെംഗളൂരു പൊലീസിന്റെ വാദം തെറ്റാണെന്നും ശ്രീലക്ഷ്മിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
ഇരുവരെയും കാണാതായ ദിവസം അഭിജിതിന്റെ ഫോണിൽ നിന്നും സുഹൃത്തിന് ഒരു ലൊക്കേഷൻ ഷെയർ ചെയ്തിരുന്നു. അവിടേക്കു വേഗം വരണമെന്നും ആവശ്യപ്പെട്ടു . സുഹൃത്തുക്കളെത്തി ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്നാണ് ഒരു മാസത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ലഭിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.