• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊടുവള്ളി സ്വദേശി ഷിജു UAEയിലെ ജയിലിൽ ദുരിതത്തിൽ ; കനിവ് തേടി കുടുംബം പാണക്കാട് തങ്ങൾക്ക് മുൻപിൽ

കൊടുവള്ളി സ്വദേശി ഷിജു UAEയിലെ ജയിലിൽ ദുരിതത്തിൽ ; കനിവ് തേടി കുടുംബം പാണക്കാട് തങ്ങൾക്ക് മുൻപിൽ

തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ 2 ലക്ഷം ദിർഹം ഷിജു നഷ്ടപരിഹാരം നൽകണം. കേസിൽപ്പെടുത്തിയതാണെന്ന് കുടുബം പറയുന്നു. നഷ്ടപരിഹാരം നൽകാതെ കമ്പനി കയ്യൊഴിഞ്ഞു

  • Share this:
മലപ്പുറം: യുഎഇയിലെ (UAE) ഫുജേറയില്‍  തമിഴ്‌നാട് സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ഖല്‍ബ ജയിലില്‍ കഴിയുന്ന കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി വാഴപ്പുറത്ത് ഷിജുവിന്റെ മോചനത്തിന് സഹായ അഭ്യര്‍ഥനയുമായാണ് കുടുംബം പാണക്കാടെത്തിയത്.  സഹജീവനക്കാരനായ വെല്ലൂര്‍ സ്വദേശി അരവിന്ദന്‍ ഷോക്കേറ്റ് മരിച്ച സംഭവ ത്തില്‍ ഷിജുവിനെ കുറ്റസമ്മതമൊഴി എഴുതിവാങ്ങി കേസില്‍ കുടുക്കുകയായിരുന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം.  ഷിജുവിൻ്റെ ഭാര്യയും കുട്ടികളും മാതാപിതാക്കളുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്.

2021 മാർച്ച്‌ 20 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ദുബായിൽ  അല്‍ സുല്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായി ആറ് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. സംഭവദിവസം ഷിജുവും മരണപ്പെട്ട തമിഴ്നാട് വെല്ലൂർ റാണിപ്പട്ട സ്വദേശി അരവിന്ദനും ഒരുമിച്ച് ആയിരുന്നു ജോലിയിൽ. ഇതിനിടെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എടുക്കാൻ ഷിജു വെയർ ഹൗസിൽ പോയി തിരികെ വന്നപ്പോൾ  അരവിന്ദൻ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. പോസ്റ്റമോർട്ടം റിപ്പോർട്ടിൽ അറ്റാക്ക് വന്ന് മരണപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയതെങ്കിലും ഷിജുവിന്റെ കാരണത്താൽ ഷോക്കേറ്റ് മരണപ്പെട്ടതാണെന്ന കുറ്റം ചുമത്തി എഫ്ഐആർ രേഖപ്പെടുത്തി.

ഷിജു പ്രവർത്തിച്ചു വന്നിരുന്ന കമ്പനിക്ക് ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ രക്ഷപ്പെടുത്താനെന്ന വ്യാജേനെ മുഴുവൻ കുറ്റങ്ങളും ഷിജുവിന്റെ തലയിൽ കെട്ടിവെച്ച് കമ്പനി ഷിജുവിനെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കേസിന്റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് ഷിജുവിനെ കൊണ്ട് നിരവധി രേഖകളിൽ ഒപ്പ് വെപ്പിച്ചു എന്നും പിന്നീടാണ്  ഇതെല്ലാം കുറ്റസമ്മത മൊഴിയായിരുന്നു ഇവയെന്ന് ഷിജു മനസ്സിലാക്കിയത് എന്നും കുടുംബം പറയുന്നു.

Also Read- Accident | വിദ്യാർഥിനി ബസിൽ നിന്നും പുറത്തേക്ക് വീണ സംഭവം; ഡ്രൈവർക്കെതിരെ മിന്നൽ വേഗത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

മോചനത്തിനായി യൂഎഇ സുപ്രീം കോടതി 2 ലക്ഷം ദിർഹം ബ്ലഡ് മണി നൽകണമെന്ന് വിധിച്ചു. കമ്പനിയുമായി കെഎംസിസി നേതാക്കളും സാമൂഹ്യ പ്രവർത്തകരും ബന്ധപ്പെട്ടപ്പോൾ രണ്ട് ലക്ഷം ദിർഹം കമ്പനി വഹിക്കാമെന്നേറ്റിരിരുന്നു. പിന്നീട് തമിഴ്നാട്ടിലെ മരണപ്പെട്ട ആളിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കുറക്കാൻ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. അതുപ്രകാരം 20000 ദിർഹം കുടുംബം കുറച്ചു തരികയും ചെയ്തു. എന്നാൽ പണം നൽകുന്നത് വൈകിയതിനാൽ  ഷിജു ജയിലിലായി. ഇതിനിടെ കമ്പനിക്ക്‌ ഇൻഷുറൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അരവിന്ദൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകർ നഷ്ടപരിഹാരം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. അതോടെ നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും കമ്പനി പിന്മാറി. ഇതോടെ ഷിജുവിൻ്റെ മോചനം പ്രതിസന്ധിയിലായി. ഈ പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആണ് കുടുംബം.

ഇതേത്തുടർന്നാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാദിഖലി തങ്ങൾക്കരികിൽ ലിസയും ബന്ധുക്കളും എത്തിയത്.  രോഗിയായ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഏക അത്താണിയായ ഷിജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് ഉറപ്പുനല്‍കി. മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും ദുബായിലും ഇടപെടൽ നടത്തുമെന്നും ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും തങ്ങൾ പറഞ്ഞു.

Also Read- Shane Warne vs Sachin Tendulkar: സച്ചിന്‍-വോണ്‍ പോരാട്ടം; ക്രിക്കറ്റ് പ്രേമികൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ഏറ്റവും വലിയ താരവൈരം

നേരത്തെ പെരിന്തൽമണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിൽ കുവൈറ്റിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി പാണക്കാട് മുനവർ അലി ശിഹാബ് തങ്ങൾ ഇടപെട്ടിരുന്നു. അത്തിമുത്തുവിന്റെ ഭാര്യയുടെ അഭ്യർത്ഥന പരിഗണിച്ചായിരുന്നു  മുനവ്വറലിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ഇത്തരത്തിൽ  സമാഹരിച്ച 25 ലക്ഷവും മാലതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും ചേർത്ത് ആണ് കുടുംബത്തിന് കൈമാറിയത്. ജയിലിൽ വധശിക്ഷ കാത്തുകിടന്ന    അത്തിമുത്തുവിന്റെ മോചനത്തിന് വഴി ഒരുക്കിയത് ഈ ഇടപെടൽ ആയിരുന്നു.
Published by:Rajesh V
First published: