റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റ് , റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്.
ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ. പി.വിനയൻ ,ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു.
"കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി" മുകേഷ് അംബാനി പറഞ്ഞു. തുടർന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം നമസ്ക്കാര മണ്ഡപ സമീപത്തെ വിളക്കിൽ പ്രാർത്ഥനാപൂർവ്വം നെയ്യര്‍പ്പിച്ചു.
മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റിനൊപ്പം ഗുരുവായൂരപ്പന്‍റെ മുന്‍പില്‍ തൊഴുകൈകളോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. തുടർന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റും നൽകി.
ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.
20 മിനിട്ടോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ മുകേഷ് അംബാനിക്ക് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guruvayur temple, Mukesh Ambani