കൊല്ലം (Kollam) വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹവുമായി ബന്ധപ്പെട്ട ഘോഷയാത്ര കടന്നുവരുന്നതിനിടയിലാണ് വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നിന്ന് നോമ്പുതുറക്കാനുള്ള ബാങ്കുവിളി ഉയര്‍ന്നത്. പള്ളിയിൽനിന്ന് ബാങ്കുവിളി കേട്ടപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ഒരു നിമിഷം നിശ്ചലമായി. വാദ്യമേളങ്ങൾ നിര്‍ത്തി. ചിലർ പള്ളിയിലേക്ക് നോക്കി തൊഴുകയ്യോടെ നടന്നുനീങ്ങി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വർഗീയതയുടെ പേരില്‍ മലയാളികളെ ഭിന്നിപ്പിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ഉറപ്പിക്കുന്ന കാഴ്ചയെന്നാണ് വിഡിയോയ്ക്ക് സൈബര്‍ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം.
ക്ഷേത്രത്തിലെ പള്ളിവേട്ടയ്ക്ക് സ്വീകരണം നല്കി വികാരി; കുരിശിന്റെ വഴിക്ക് മെഴുകുതിരി തെളിയിച്ച് ക്ഷേത്ര കമ്മിറ്റിയും
മതത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുന്നവര്‍ ഈ കാഴ്ചയൊന്ന് കാണണം. തിരുവനന്തപുരം ജില്ലയിലെ പീരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്തിന് നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണശില്പത്തില് മാലയിട്ട് സ്വീകരിച്ചത് തൈക്കാട്ട് മദര്‍ തെരേസ ദേവാലയത്തിലെ വികാരിയും കൂട്ടരും. ദുഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ക്രിസ്തുവിന്റെ ചിത്രത്തിന് മുന്നില്‍ മെഴുക് തിരി തെളിയിച്ച് അമ്പലക്കമ്മറ്റിയും സ്വീകരിച്ചത് മതമൈത്രിയുടെ മഹനീയ മാതൃകയായി.
പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയാണ് നടന്നത്. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിന്റെ മുന്നിലെ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
Also Read- വിവാഹസല്‍ക്കാരം നിസ്കാരത്തിന് വഴി മാറി; പ്രാര്‍ത്ഥനയോടെ കൈകൂപ്പി വധുവും വരനും
പള്ളിക്കുമുന്നിൽ എഴുന്നള്ളത്തെത്തിയപ്പോൾ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങള്‍ വരവേറ്റു. ചെറിയൊരു പന്തൽ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വെച്ചാണ് വരവേറ്റത്. സെന്റ് ജോൺസ് ആശുപത്രി ജീവനക്കാരും സ്വീകരണത്തില്‍ പങ്കെടുക്കാനെത്തി. ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്നേഹവും മതസൗഹാർദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.
Also Read- സ്വന്തമായി ഭൂമിയില്ല; ഷാഹുൽ ഹമീദിന്റെ മണ്ണിൽ ശിവരാമന് അന്ത്യവിശ്രമം
ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും ഒന്നിച്ചു വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു.
Also Read- മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക
ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കുരിശിന്റെ വഴിയെ സ്വീകരിക്കാൻ ഒപ്പംകൂടി. മതസൗഹാർദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആർ.എസ്.സുനിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.