തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എംഎം മണിയുടെ അധിക്ഷേപത്തിലൂടെ ഉയർന്ന വിവാദം മൗനത്തിലൂടെ അവസാനിപ്പിക്കാൻ സിപിഎം. രമയ്ക്കെതിരെ സഭയിൽ സിപിഎം എംഎൽഎമാരുടെ പ്രകോപനപരമായ പരാമർശങ്ങൾ ഉണ്ടാകില്ല. മണിയുടെ പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മണിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ആരും മണിയെ അനുകൂലിച്ചില്ല.
അതേസമയം ഇന്നലെയും രമയ്ക്കെതിതിരായ മണിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് യുഡിഎഫ് എംഎൽഎമാർ നടത്തിയത്. മുഖ്യമന്ത്രിയടക്കം എംഎം മണിയെ ന്യായീകരിച്ചെങ്കിലും മണിയുടേത് കടന്ന പരാമർശമായി പോയി എന്ന അഭിപ്രായം സിപിഎം നേതൃത്വത്തിലുണ്ട്. രമയോട് അനുകമ്പയും അവർക്ക് കൂടുതൽ സ്വീകാര്യതയും ലഭിക്കാൻ മണിയുടെ പ്രസ്താവന വഴിവയ്ക്കും എന്ന ആശങ്കയും നേതാക്കൾ പങ്കുവച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി രമയ്ക്കു പിന്നിൽ അണിനിരന്നതും രണ്ടു ദിവസം സഭ സ്തംഭിപ്പിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
തുടർന്നാണ് നിയമസഭയിലെ പ്രസംഗങ്ങളിൽ രമയ്ക്കെതിരെ കടുത്ത പരാമർശങ്ങൾ ഒഴിവാക്കണമെന്ന് എംഎൽഎമാർക്ക് നിയമസഭാ കക്ഷി നേതൃത്വം നിർദേശം നൽകിയത്. പ്രതിപക്ഷം പരമാവധി പ്രകോപിപ്പിച്ചിട്ടും ഇന്നലത്തെ ചർച്ചകളിൽ എംഎം മണിയെ സിപിഎം എഎൽഎമാർ ന്യായീകരിച്ചില്ല. രമയ്ക്കെതിരേയുള്ള മണിയുടെ അധിക്ഷേപ വിവാദം അറിഞ്ഞതായി ഭാവിച്ചതുമില്ല. പ്രതിപക്ഷമാകട്ടേ കിട്ടിയ അവസരങ്ങളിലെല്ലാം എംഎം മണിയേയും മണിയെ അനുകൂലിച്ച മുഖ്യമന്ത്രിയേയും കടന്നാക്രമിച്ചു.
ഇതിനിടയിൽ മണിക്കെതിരേ മഹിളാ കോൺഗ്രസും കെ.സുധാകരനും നടത്തിയ അധിക്ഷേപം ഭരണപക്ഷം ആയുധമാക്കി. ഇന്നും ഇതുയർത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തും. സുധാകരന്റെ ഖേദപ്രകടനമാകും പ്രതിപക്ഷത്തിന്റെ പ്രതിരോധം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.