കണ്ണൂർ: സംസ്ഥാനത്ത് മൂന്നു ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ തീരുമാനം. ഇതോടെ ഞായറാഴ്ച കേരളത്തിൽ ഏഴു ബൂത്തുകളിൽ റീ പോളിംഗ് നടക്കും. കളളവോട്ട് കണ്ടെത്തിയ ധർമടത്തെയും തൃക്കരിപ്പൂരിലെയും ബൂത്തുകളിലാകും റീപോളിംഗ് നടക്കുക.
ധർമടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമായിരിക്കും റീപോളിംഗ് നടക്കുക. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരിൽ കൂളിയാട് ജി.എച്ച്.എസിൽ ആണ് റീ പോളിംഗ് നടക്കുക. ഇതോടെ, കണ്ണൂർ മണ്ഡലത്തിൽ മൂന്നിടത്തും കാസർകോട് മണ്ഡലത്തിൽ നാലിടത്തും റീപോളിംഗ് നടക്കും.
കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ കല്യാശേരി, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിങ്.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്. ഈ നാല് ബൂത്തുകളിലും നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് റീപോളിങ് നടത്താൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.