• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malampuzha Rescue | 'വെരി താങ്ക്സ്, ഇന്ത്യൻ ആർമി'; മലമ്പുഴയിൽ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

Malampuzha Rescue | 'വെരി താങ്ക്സ്, ഇന്ത്യൻ ആർമി'; മലമ്പുഴയിൽ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

മലമ്പുഴ കുറുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്താൻ നാടൊന്നിച്ചിറങ്ങിയ നിമിഷങ്ങൾ റിപ്പോർട്ട് ചെയ്ത പ്രസാദ് ഉടുമ്പിശ്ശേരിയുടെ അനുഭവക്കുറിപ്പ്

ദൗത്യസംഘത്തിനൊപ്പം ബാബു

ദൗത്യസംഘത്തിനൊപ്പം ബാബു

  • Last Updated :
  • Share this:
"മലമ്പുഴ (Malampuzha) കുറുമ്പാച്ചിമലയിലെ പാറയിടുക്കിൽ കുടുങ്ങിയ (trapped in a crevice) ബാബുവിനെ (Babu) രക്ഷപ്പെടുത്താൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ അപര്യാപ്തമാണ്. കൂടുതൽ എന്തെങ്കിലും ചെയ്തേ പറ്റൂ." ചൊവ്വാഴ്ച രാവിലെ വിനോദ് ചേറാടിൻറെ ഫോൺ വിളി വന്നു. വിനോദ് ആ മേഖലയിലെ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ തിങ്കളാഴ്ച വൈകിട്ട് നാട്ടുകാരും ഫയർഫോഴ്സ് - പൊലീസ് - വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടാണ് മാധ്യമങ്ങൾ ഈ വിഷയം കൂടുതൽ ഗൗരവത്തോടെ ഏറ്റെടുക്കണം എന്ന ഉദ്ദേശത്തോടെ വിനോദ് വിളിച്ചത്.

വിനോദ് തുടർന്നു... "ഇന്നലെ രാത്രി മുതൽ ബാബുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇപ്പോൾ ഞങ്ങൾ മറുവശത്ത് നിന്ന് കൈ കാണിയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിനോടെല്ലാം ബാബു പ്രതികരിക്കുന്നുണ്ട്. പക്ഷേ കൂടുതൽ വിദഗ്ധ സംഘം എത്തണം. പ്രസാദേട്ടാ, വാർത്ത ഒന്നു കാര്യമായി പിടിക്കണം.""വിനോദേ, ഞാൻ കോവിഡ് ബാധിച്ച് റെസ്റ്റിലാണ്. ഇന്നേക്ക് എട്ട് ദിവസമായി. ടെസ്റ്റ് കഴിഞ്ഞേ ഇറങ്ങാനാവൂ. ക്യാമറാമാനെ വിടാം. സഹായിച്ചാൽ മതി," വിനോദിന് മറുപടി നൽകി ക്യാമറാമാൻ പ്രജിത്തിനെ വിളിച്ച്‌ സംഭവം പറഞ്ഞു. പ്രജിത്ത് സ്ഥലത്തേക്ക് തിരിച്ചു. എൻ്റെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളെല്ലാം സെസ്ക്കിലേക്കയച്ചു. വാർത്ത മാറുകയായിരുന്നു...

ചൊവ്വാഴ്ച രാവിലെ ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, വനം വകുപ്പ്, പൊലീസ്, നാട്ടുകാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരെല്ലാം വീണ്ടും മല കയറി. പക്ഷേ ബാബു കുടുങ്ങി കിടക്കുന്ന പാറയിടുക്ക് ആ മലയുടെ മുകളിൽ നിന്ന് നോക്കിയാൽ കാണാൻ കഴിയില്ല. അതുപോലെയായിരുന്നു ആ മലയുടെ ഘടന. നടുഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന പാറ. അപ്പോഴെല്ലാം എതിർവശത്തെ മലയിൽ നിൽക്കുന്ന നാട്ടുകാരോട് ബാബു കൈ വീശി കാണിയ്ക്കുന്നുണ്ടായിരുന്നു.

മുകളിലെത്തിയ സംഘത്തിന് ബാബുവിനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടർ മൃൺമയി ജോഷി നേവിയുടെ സഹായം തേടി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കൊച്ചിയിൽ നിന്നും കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ  മലമ്പുഴയിലെത്തി. എല്ലാവരും ഹെലികോപ്ടറിൻ്റെ വരവ് പ്രതീക്ഷയോടെ കാത്ത് നിന്നു. ഹെലികോപ്ടർ എത്തുന്നതോടെ ബാബുവിനെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്നായിരുന്നു ധാരണ.

എന്നാൽ, മലയുടെ ഘടനയും ശക്തമായ കാറ്റും കാരണം അത്തരമൊരു രക്ഷാപ്രവർത്തനം അസാധ്യമായിത്തീർന്നു. ബാബു കുടുങ്ങി കിടന്ന മലയ്ക്ക് മുകളിൽ ഒരു കറക്കം കറങ്ങി ഹെലികോപ്ടർ മടങ്ങിയതും നിരാശ മാത്രം നിഴലിച്ചു എല്ലാവരും നിരാശരായി. ഇനിയെന്ത് എന്നായി ചോദ്യം. ഇതോടെ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ടു. കരസേനയുടെ സഹായം തേടി. ഊട്ടി വെല്ലിംഗ്ടണിൽ നിന്നും ലഫ്റ്റനൻ്റ് കേണൽ ഹേമന്ത് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘവും ബെംഗളൂരുവിൽ നിന്ന് പാരാമിലിട്ടറി ഫോഴ്സും മലമ്പുഴയിലേക്ക് തിരിച്ചു.

രാത്രി തന്നെ രക്ഷാപ്രവർത്തനം നടത്തും എന്നായിരുന്നു സേനയുടെ ദൗത്യസംഘം വ്യക്തമാക്കിയത്. രാത്രി പതിനൊന്നരയോടെ ദൗത്യസംഘം എത്തി. ഈ സംഭവങ്ങളെല്ലാം വീട്ടിലിരുന്നാണ് റിപ്പോർട്ട് ചെയ്യേണ്ടി വന്നത്. ക്യാമറാമാൻ മാത്രമാണ് അവിടെയുള്ളത്. വിനോദ് അടിക്കടി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. എന്നാൽ സേനയുടെ ദൗത്യസംഘം വന്നതോടെ സംഭവസ്ഥലത്തേക്ക് പോവാതെ കഴിയില്ലെന്ന അവസ്ഥ.

കോവിഡ് ബാധിച്ച് എട്ട് ദിവസമായതിനാൽ രാത്രി തന്നെ ആൻ്റിജൻ പരിശോധന നടത്താൻ തീരുമാനിച്ചു. ഡെസ്ക്കിൽ സജീവേട്ടനുമായി (സജീവ് സി. വാര്യർ) സംസാരിച്ചു. തുടർന്ന് ഇൻപുട്ട് എഡിറ്റർ ശ്രീലാലേട്ടനോട് അഭിപ്രായം തേടി. അപ്പോഴേക്കും ആൻ്റിജൻ ഫലം വന്നിരുന്നു - നെഗറ്റീവ്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പോവുന്നതാണ് നല്ലത്. ഇനിയുള്ള സമയങ്ങൾ അത്രയും പ്രധാനപ്പെട്ടതാണ്. അങ്ങനെ ബുധനാഴ്ച രാവിലെ മലമ്പുഴ ചേറോടെത്തി.

രക്ഷാദൗത്യത്തിൻ്റെ അവസാന മണിക്കൂറുകൾ അത്രയേറെ ആവേശം നിറഞ്ഞതായിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിന്ന മണിക്കൂറുകൾ നേരിട്ട് റിപ്പോർട്ട്  ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നഷ്‌ടമാകുമായിരുന്നു. ഒപ്പം നിൽക്കാൻ മലപ്പുറം റിപ്പോർട്ടർ അനുമോദും ക്യാമറാമാൻ അഖിൽ ഓട്ടുപ്പാറയും എത്തി.

ദൗത്യം അവസാന നിമിഷങ്ങളിലേക്ക് കടക്കുകയായിരുന്നു. കരസേനയുടെ ദൗത്യസംഘം മലമുകളിൽ രാത്രി തന്നെ എത്തിച്ചേർന്നിരുന്നു. "ബാബൂ, ഞങ്ങളെത്തി..."  കരസേന താഴെ നിന്നും വിളിച്ചു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രക്ഷാപ്രവർത്തകർക്ക് ആ വീഡിയോ അത്രയേറെ ഊർജ്ജവും ആവേശവും പകരുന്നതായി.

വെളിച്ചം വീണതോടെ വടം കെട്ടി, താഴെയിറങ്ങി, ബാബുവിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചു. എട്ടരയോടെ അതിനുള്ള ശ്രമം തുടങ്ങി. ബാല എന്നു വിളിക്കുന്ന തമിഴ്നാട് സ്വദേശി ബാലകൃഷ്ണനാണ് വടം കെട്ടി താഴെയിറങ്ങിയത്.

ചങ്കിടിപ്പിൻ്റെ നിമിഷങ്ങൾ... ഈ ദൗത്യം വിജയിക്കണമെന്ന് എല്ലാവരും  ആഗ്രഹിച്ച നിമിഷങ്ങൾ... പരാജയപ്പെട്ടാൽ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ...

9.10ന് ആ സന്തോഷ വാർത്തയെത്തി. ദൗത്യസേന ബാബുവിൻ്റെ അടുത്തെത്തി. വെള്ളം കൊടുത്തു. ഞാനിത് പറയുമ്പോൾ അടുത്തു നിന്നും ഒരു കരച്ചിൽ കേട്ടു. ബാബുവിൻ്റെ ഉമ്മൂമ്മയാണ്. ഞാൻ പറയുന്നതെല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയായിരുന്നു അവർ. അവരുടെ പേരമകൻ്റെ അടുത്തേക്ക് രക്ഷകർ എത്തിയെന്നതിൻ്റെ സന്തോഷവും ആശ്വാസവുമാണ് ആ കരച്ചിൽ. കുറുമ്പാച്ചിമലയുടെ താഴ്‌വാരത്തേയ്ക്ക് ആശ്വാസത്തിൻ്റെ കാറ്റ് വീശി.

പിന്നീടുള്ള നിമിഷങ്ങൾ എല്ലാ കണ്ണുകളും മലയിലേക്ക് മാത്രം... ബാബുവിന് വെള്ളം കൊടുത്തുവെന്ന വാർത്ത പ്രേക്ഷകരെ അറിയിക്കുമ്പോൾ NDRF കൺട്രോൾ യൂണിറ്റിലെ ബാലകൃഷ്ണൻ അടുത്തേക്ക് ഓടി വന്നു പറഞ്ഞു: 'ബാബുവിനെ ഉയർത്തുന്നു'. രക്ഷാപ്രവർത്തനം കണ്ടു നിന്നവരുടെ മുഖങ്ങളിൽ സന്തോഷം പടർന്നു, കയ്യടികൾ നിറഞ്ഞു, പ്രാർത്ഥനകൾ ഉയർന്നു.

പത്തരയോടെ ബാബു മുകളിലെത്തി. 'വെരി താങ്ക്സ് ഇന്ത്യൻ ആർമി', മലമുകളിലെത്തിയ ബാബു സൈന്യത്തോട് ചേർന്ന് നിന്ന് പറഞ്ഞു. ചുറ്റും സന്തോഷവും പുഞ്ചിരികളും അലയടിച്ചു. മലമുകളിൽ നിന്നും ബാബുവിൻ്റെ വീഡിയോ കോൾ വീട്ടുകാരെ തേടിയെത്തി. അതുവരെ കരയാതെ പിടിച്ചു നിന്ന ഉമ്മ റഷീദ പൊട്ടിക്കരഞ്ഞു, ബോധരഹിതയായി നിലത്ത് വീണു. അൽപനേരത്തിനു ശേഷം ക്ഷീണം മാറി, സൈനികർക്ക് നന്ദി പറഞ്ഞ് ഉമ്മയെത്തി. ആ കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

Babu saved, babu stuck in malampuzha, malampuzha rescue, babu malampuzha

പന്ത്രണ്ടേകാലിന് ഹെലികോപ്ടറിൽ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്ടറിൽ ബാബുവിനെ കയറ്റിയതും കരഘോഷം മുഴങ്ങി. രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം വിജയിച്ച സന്തോഷമായിരുന്നു എവിടെയും.ജില്ലാ കളക്ടർ മൃൺമയി ജോഷി, എസ്.പി. ആർ. വിശ്വനാഥ്, ഷാഫി പറമ്പിൽ എം.എൽ.എ. തുടങ്ങിയവരെല്ലാം തുടക്കം മുതൽ ഒടുക്കം വരെയുണ്ടായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചതിൻ്റെ ഫലം. ബാബു പറഞ്ഞ നന്ദിവാക്കുകൾ തന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്: 'വെരി താങ്ക്സ്, ഇന്ത്യൻ ആർമി'.
Published by:user_57
First published: