HOME » NEWS » Kerala » RESENTMENT OVER LOW VOTE NO NEED OF LEAVING NDA SAYS BDJS JK TV

വോട്ട് കുറഞ്ഞതില്‍ അമര്‍ഷം; എന്‍ ഡി എ വിടേണ്ടതില്ലെന്ന് ബി ഡി ജെ എസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

News18 Malayalam | news18-malayalam
Updated: May 5, 2021, 6:56 PM IST
വോട്ട് കുറഞ്ഞതില്‍ അമര്‍ഷം; എന്‍ ഡി എ വിടേണ്ടതില്ലെന്ന് ബി ഡി ജെ എസ്
തുഷാർ വെള്ളാപ്പള്ളി
  • Share this:
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ടു കുറഞ്ഞതിനെ തുടര്‍ന്ന് ബിഡിജെഎസില്‍ അമര്‍ഷം. എന്നാല്‍ പാര്‍ട്ടി എന്‍ഡിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും മുന്നണി വിടേണ്ടതില്ലെന്നാണ് തീരുമാനം. ഇടതു മുന്നണിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹം നേതാക്കള്‍ തള്ളി. മുന്നണി മാറ്റത്തെ സംബന്ധിച്ച് തിടുക്കപ്പെട്ടു തീരുമാനം കൈക്കൊള്ളരുതെന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഉടനെ ഒരു തീരുമാനം കൈക്കൊള്ളേണ്ടെന്നും ചര്‍ച്ചകള്‍ക്കുശേഷം ഉചിതമായ തീരുമാനം എടുക്കുന്നതിനും ബി ഡി ജെ എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഏകകണ്‌ഠേന ചുമതലപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തെ സംബന്ധിച്ച് അന്വേഷിക്കുവാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി 15 ന് അകം സ്ഥാനാര്‍ത്ഥികളുടെ പരാതിയും വിശദമായ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. കൊല്ലത്ത് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തെ രേഖാമൂലം അറിയിക്കുവാനും ശക്തമായ നടപടികള്‍ സ്വീകരിക്കുവാനും ആവശ്യപ്പെടും.

Also Read- 'കെ മുരളീധരന്റെ പ്രസ്താവന വിചിത്രം'; നേമത്ത് കോണ്‍ഗ്രസ് എല്‍ഡിഎഫ് ധാരണ വ്യക്തം; കുമ്മനം രാജശേഖരന്‍

സംസ്ഥാന തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ യുടെ മുഖ്യ സംയോജകനും,മണ്ഡലം സംയോജകന്‍മ്മാര്‍ക്കും എതിരെ ഗുരുതരമായ കൃത്യവിലോപ ആരോപണമുയര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഏകോപനം ഇല്ലായ്മയും ഉണ്ടായതായി കൗണ്‍സില്‍ പരാതി ഉയര്‍ന്നു. ഇവര്‍ക്ക് എതിരെ സംഘടനാ നടപടി ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി കേന്ദ്ര നേതൃത്വത്തെ സമീപിക്കും.

പ്രകടന പത്രിക തയാറാക്കുന്നതിലും ബി ഡി ജെ എസ്സിനെ പൂര്‍ണ്ണമായും അവഗണിച്ചു. എല്‍ ഡി എഫും യു ഡി എഫും സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കുകയും അവരുടെ ചിത്രങ്ങള്‍ അടക്കം തിരഞ്ഞെടുപ്പില്‍ പരസ്യം ചെയ്തിട്ടും എന്‍ ഡി എ യുടെ മുഖ്യകക്ഷിയായ ബി ഡി ജെ എസ്സിന്റെ അസ്സാന്നിധ്യവും ഒഴിവാക്കലും ബോധപൂര്‍വ്വം ഉണ്ടായതായും കൗണ്‍സില്‍ വിലയിരുത്തി. മുഖ ചിത്രങ്ങളില്‍ നിന്നുള്ള ഒഴിവാക്കലില്‍ മുഖ്യ സംയോജകന്റെ ഇടപെടല്‍ ഉണ്ടായതായും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

Also Read-'സി.പി.എം വോട്ടുകള്‍ കാപ്പന് കിട്ടി'; പാലായിൽ ജോസ് കെ മാണിയുടെ തോല്‍വി പരിശോധിക്കണമെന്ന് തോമസ് ചാഴിക്കാടന്‍

ബി ഡി ജെ എസ്സിന്റെ എല്ലാ മണ്ഡലങ്ങളിലും സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ നല്കാത്തതിലും മുഖ്യ സംയോജകന്റെ ഇടപെടല്‍ ഉണ്ടായതായും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ബിഡിജെഎസ് ഇടതുമുന്നണിയിലേക്ക് പോകുമെന്നു തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിഡിജെഎസ് പോകുന്നെങ്കില്‍ പൊയ്‌ക്കോട്ടെ എന്ന നിലപാടാണ് ബിജെപിയിലെ ചില സംസ്ഥാന നേതാക്കള്‍ക്ക്. ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാക്കള്‍ വ്യക്തമാക്കി.

സംസ്ഥാന കൗണ്‍സിലില്‍ ബി ഡി ജെ എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പത്മകുമാര്‍ അഡ്വ സിനില്‍ മുണ്ടപ്പള്ളി , ജനറല്‍ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട് , അനിരുദ്ധ് കാര്‍ത്തികേയന്‍ , ഷാജി ബത്തേരി എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍ ഗൂഗിള്‍ മീറ്റ് വഴി ചര്‍ച്ചയില്‍ പങ്കെടുത്തു.
Published by: Jayesh Krishnan
First published: May 5, 2021, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories