കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍
റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും മേപ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനുവരി 23ന് കണ്ണൂര്‍ സ്വദേശി
ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുവതിയുടെ മരണത്തിൽ റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉടമകളെ പ്രതികളാക്കി പോലീസ് കേസെടുത്തത്. ഇന്ന് റിസോര്‍ട്ട് ഉടമകള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. അതേസമയം കേസിൽ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. അതിനാൽതന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് വിവരം.
Also Read
കാട്ടാന ഷഹാനയുടെ നെഞ്ചിൽ ചവിട്ടി; ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
അനുമതി ഇല്ലാതെ ടെന്റുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റിസോർട്ട് ഉടമകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ ഷഹാനയുടെ നെഞ്ചിലാണ് ചവിട്ടേറ്റതെന്നാണ് പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. തലയുടെ പിന്‍ഭാഗത്തുള്‍പ്പെടെ ശരീരത്തില്‍ നിരവധി ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തി. ഷഹാനയുടെ ശരീരത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ആനയുടെ ആക്രമണത്തിലാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
You May Also Like- വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് പൂട്ടാൻ കളക്ടറുടെ ഉത്തരവ്
കണ്ണൂരിൽ നിന്നുള്ള 30 അംഗ സംഘത്തിനൊപ്പമാണ് യുവതി എത്തിയത്. റിസോർട്ടിന് സമീപത്തായി സ്ഥാപിച്ച താൽക്കാലിക ടെന്റുകളിലാണ് സംഘം താമസിച്ചിരുന്നത്. ബാത്ത്റൂമില്‍ പോയി തിരിച്ചുവരുന്ന സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ചിന്നം വിളി കേട്ട് സമീപത്തെ ടെന്റുകളിലുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപെട്ടിരുന്നു. എന്നാൽ ബാത്ത് റൂമിൽ പോയി മടങ്ങിയെത്തിയ ഷഹാന ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് പൂട്ടാൻ ജില്ലാ കളക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ള മറ്റ് റിസോർട്ടുകൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സുരക്ഷാവീഴ്ച പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടത്.
വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ തയാറാക്കിയിരുന്ന ടെന്റുകൾക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. റിസോർട്ടിന്റെ മൂന്നുവശവും കാടാണ്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.