നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞാൻ ഒരു കോൺഗ്രസുകാരനല്ല, ഇടതു സഹയാത്രികൻ; ഉമ്മൻ ചാണ്ടിയോട് ആദരവും സ്നേഹവും‌': മാർ കൂറിലോസ്

  'ഞാൻ ഒരു കോൺഗ്രസുകാരനല്ല, ഇടതു സഹയാത്രികൻ; ഉമ്മൻ ചാണ്ടിയോട് ആദരവും സ്നേഹവും‌': മാർ കൂറിലോസ്

  "മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാൻ കഴിയുന്ന അപൂർവ നേതാക്കളിൽ ഒരാൾ. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആൾരൂപം."

  News18

  News18

  • Share this:
   കോട്ടയം: നിയമസഭാ സാമാജികനായതിന്റെ അൻപതാം വാർഷികത്തിൽ എത്തി നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്ന് ഗീവർഗീസ് മാർ കൂറിലോസ്. താൻ ഒരു കോൺഗ്രസുകാരനല്ലെന്നും സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണെന്നുമുള്ള മുഖവുരയോടെയാണ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശംസ നേർന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്നേഹവുമാണെന്നും അദ്ദേഹം പറയുന്നു.


   "മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാൻ കഴിയുന്ന അപൂർവ നേതാക്കളിൽ ഒരാൾ. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആൾരൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മൻ ചാണ്ടി സാറിൻ്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല."- മാർ കൂറിലോസ് കുറിക്കുന്നു.


   ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

   ഞാൻ ഒരു കോൺഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്നേഹവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വം. ഉമ്മൻ ചാണ്ടി എന്നാൽ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാൽ ഉമ്മൻ ചാണ്ടി എന്നും അർത്ഥം.
   പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കൽ സ്വദേശിയായ എൻ്റെ MLA കൂടിയാണ് ഉമ്മൻ ചാണ്ടി സാർ. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാൻ കഴിയുന്ന അപൂർവ നേതാക്കളിൽ ഒരാൾ. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആൾരൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മൻ ചാണ്ടി സാറിൻ്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല.

   ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ "തീരം" എന്ന പ്രസ്ഥാനത്തിൻ്റെ കേന്ദ്ര ആസ്ഥാനം ഉമ്മൻ ചാണ്ടി സാറിൻ്റെ പുതുപ്പള്ളിയിലെ വീടിൻ്റെ സമീപമാണ്. അദ്ദേഹം ഞങ്ങൾക്ക് നൽകുന്ന പിന്തുണയും സഹായങ്ങളും ഞങ്ങൾ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂർത്തിയാക്കുക എന്നത് അത്യപൂർവ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മൻ ചാണ്ടി സാറിനെ ഈ നേട്ടത്തിൽ അഭിനന്ദിക്കുകയും തുടർന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തിൽ സേവനം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
   Published by:Aneesh Anirudhan
   First published: