തിരുവനന്തപുരം: പഠിച്ച സ്കൂളുകൾക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുൻ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുൻ ഡിജിപി എ.പി രാജൻ ഐപിഎസ് ആണ് താൻ പഠിച്ച സ്കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ചത്.
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.ഗവൺമെൻറ് എൽ.പി. എസ് അയിലറ, ഗവൺമെൻറ് എച്ച്എസ് ഏരൂർ, ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റ് എന്നീ സ്കൂളുകൾക്കാണ് ധനസഹായം.ഗവൺമെൻറ് എൽ.പി.എസ് അയിലറക്ക് അഞ്ചു ലക്ഷം രൂപയും ഗവൺമെൻറ് എച്ച്എസ് ഏരൂരിന്
പത്തുലക്ഷം രൂപയും ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റിന് പതിനഞ്ച് ലക്ഷം രൂപയുമാണ് നൽകുന്നത്.
അയിലറ പരമേശ്വരൻപിള്ള ആൻഡ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് എൻഡോവ്മെന്റിനായാണ് തുക കൈമാറിയത്. ധനസഹായത്തിന്റെ ചെക്ക് പുനലൂർ എം എൽ എ പി.എസ് സുപാലിന്റെ സാന്നിധ്യത്തിൽ എ പി രാജൻ ഐപിഎസ് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി.
Also Read- 'സില്‍വര്‍ലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല'; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ
മാതൃകാപരമായ പ്രവർത്തനമാണ് മുൻ ഡിജിപി നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരട്ടെ എന്ന് മന്ത്രി ആശംസിച്ചു.
കെഎസ്ആര്‍ടിസിയുടെ സല്പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്റ്
തിരുവനന്തപുരം: ഔദ്യോഗിക ചുമതലയ്ക്കിടയിൽ കോർപ്പറേഷന്റെ സല്പേര് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച അഞ്ച് ജീവനക്കാര്‍ക്ക് കെഎസ്ആർടിസിയുടെ ആദരം.
2021 ഒക്ടോബർ 16 ന് പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ സമയത്ത് മലവെള്ളപാച്ചലിൽപ്പെട്ട 3 അംഗ ഗുജറാത്തി കുടുംബത്തെ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയ എരുമേലി ഡിപ്പോയിലെ ഡ്രൈവർ തോമസ് കെ.ടി, കണ്ടക്ടർ ജയിസൻ ജോസഫ്, 2018 ആഗസ്റ്റിന് 15 ന് സ്വന്തം വീട് വെള്ളത്തിൽപെട്ടിട്ടും റാന്നി യൂണിറ്റിൽ വെള്ളം പൊങ്ങിയപ്പോൾ 8 ബസുകൾ സുരക്ഷിത സ്ഥാനത്ത് മാറ്റുകയും , 6 പേരുടെ ജീവൻ രക്ഷിക്കാൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത റാന്നി യൂണിറ്റിലെ മെക്കാനിക് മഹേഷ് പി.ജി.
കോവിഡിന് ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ കൂട്ടുന്നതിന് വേണ്ടി സ്വന്തം ചിലവിൽ തമിഴിലും , ഇംഗ്ലീഷിലും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത എറണാകുളം യൂണിറ്റിലെ ഡ്രൈവർ അനീഷ് ടി.പി, 2021 ഏപ്രിൽ 21 ന് എരുമേലി പാലക്കാട് സർവ്വീസ് സമയത്ത് റോഡ് സൈഡിൽ ബൈക്ക് അപകടത്തില്‍പ്പെട്ട് കിടന്ന യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ച എരുമേലി യൂണിറ്റിലെ ഡ്രൈവർ പൊന്നൂസ് കെ.സി എന്നിവരെയാണ് ആദരിച്ചത്.
Also Read- 'സിൽവർലൈൻ അനിവാര്യമായ വികസന പദ്ധതി; മുംബൈ ബുള്ളറ്റ് ട്രെയിനിനോട് എതിർപ്പ്'; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
കെഎസ്ആർടിസിക്ക് വേണ്ടി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരങ്ങളും , സർട്ടിഫിക്കറ്റും നൽകി ജീവനക്കാരെ ആദരിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, സിഎംഡി ബിജുപ്രഭാകർ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.
കെഎസ്ആർടിസിയില്‍ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കുന്നതിലൂടെ ഇവരുടെ നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇവരെ മാതൃകയാക്കാൻ മറ്റുള്ള യാത്രാക്കാർക്കും കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.